പരിശ്രമങ്ങൾ പാഴായി, ചെങ്ങന്നൂരിൽ കിണറ്റിൽ വീണ വയോധികൻ മരിച്ചതായി സ്ഥിരീകരണം

By Web TeamFirst Published May 30, 2023, 10:51 PM IST
Highlights

അബോധാവസ്ഥയിലായിരുന്നു ഇയാളെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ആലപ്പുഴ : ചെങ്ങന്നൂരിന് സമീപം വൃത്തിയാക്കുന്നതിനിടെ റിംഗുകള്‍ (തൊടികൾ) ഇടിഞ്ഞ് കിണറ്റിലേക്ക് വീണ വയോധികനെ പുറത്തെടുത്തെങ്കിലും മരിച്ചതായി സ്ഥിരീകരണം. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72 ) ആണ് മരിച്ചത്. പതിനൊന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കിണറ്റിൽ നിന്ന് യോഹന്നാനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. അബോധാവസ്ഥയിലായിരുന്നു ഇയാളെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ കിണറിനുള്ളിൽ അകപ്പെട്ടത്. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോടുകുളഞ്ഞി ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ. കിണറിനുള്ളിൽ വളർന്നു നിന്ന കാട്ടും പടപ്പും പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിന്‍റെ സിമിന്‍റ് റിംഗുകൾ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും താഴേക്കു വീണ റിംഗുകൾക്കടിയിൽ യോഹന്നാന്‍റെ കാലുകൾ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സമീപ വാസികൾ ആദ്യം രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ടീം ജെ സി ബി ഉപയോഗിച്ച് റിംഗുകൾ ഉയർത്തി ശ്രമകരമായാണ് ആളെ പുറത്തെടുത്തത്. 


 

click me!