
കൊല്ലം: കൊല്ലം ഭാരതീപുരത്ത് യുവാവിനെ സഹോദരനും അമ്മയും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ നിർണായക തെളിവുകൾ പൊലീസ് കണ്ടെടുത്തു. കൊലയ്ക്കുപയോഗിച്ച കമ്പിവടിയും മൃതദേഹം കുഴിച്ചുമൂടാൻ ഉപയോഗിച്ച ഇരുമ്പ് ഉപകരണങ്ങളുമാണ് കണ്ടെടുത്തത്. ഷാജി വധക്കേസിലെ മുഖ്യപ്രതിയായ ഷാജിയുടെ സഹോദരൻ സജിനെ കൊലപാതകം നടന്ന വീട്ടുപരിസരത്ത് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
ഷാജിയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്നായിരുന്നു സജിന്‍റെ മൊഴി. കൊലയ്ക്കു ശേഷം ആയുധം സമീപത്തെ റബർ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞെന്നും സജിൻ മൊഴി നൽകിയിരുന്നു. ഇതനുസരിച്ച് സജിനുമൊത്ത് റബർ തോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് കമ്പിവടിയും മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച മൺവെട്ടിയും പിക്കാസും കണ്ടെടുത്തത്.
സജിനെ രണ്ടു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിലെ രണ്ടാം പ്രതി പൊന്നമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിൽസയിലാണ്. 2018ലെ തിരുവോണ നാളിലാണ് സജിനും അമ്മയും ചേർന്ന ഷാജിയെ കൊന്ന് കുഴിച്ചുമൂടിയത്. രണ്ട് വർഷത്തിലേറെ മറച്ചു വച്ച കൊലപാതക വിവരം കഴിഞ്ഞയാഴ്ചയാണ് ബന്ധുവിന്‍റെ വെളിപ്പെടുത്തലോടെ പുറംലോകമറിഞ്ഞത്. ഏരൂർ ഇൻസ്പെക്ടർ ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam