
കോഴിക്കോട്: കല്ലായിയിൽ റെയിൽപാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. സമീപത്തെ വീട്ടിലെ താമസക്കാരനായ അബ്ദുല്‍ അസീസിനെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചൈനീസ് പടക്കമെന്നാണ് സൂചനയെങ്കിലും അട്ടിമറി സാധ്യത തളളാതെയാണ് അന്വേഷണം.
സ്ഫോടക വസ്തു കണ്ടെത്തിയ പാളത്തിന് തൊട്ടടുത്ത വീട്ടിലാണ് അറസ്റ്റിലായ അബ്ദുല്‍ അസീസിന്‍റെ താമസം. ദിവസങ്ങൾക്ക് മുന്‍പ് ഈ വീട്ടില്‍ നടന്ന കല്യാണത്തോടനുബന്ധിച്ച് ചൈനീസ് പടക്കങ്ങൾ പൊട്ടിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതില്‍ പൊട്ടാത്ത പടക്കമാണ് പാളത്തില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വീട്ടുകാർ അശ്രദ്ധമായാണ് സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതെന്ന് കമ്മീഷണറും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്ഫോടകവസ്തു നിരോധന വകുപ്പുകൾ ചുമത്തി പന്നിയങ്കര സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അബ്ദുല്‍ അസീസിനെ വൈകാതെ കോടതിയില്‍ ഹാജരാക്കും.
കല്ലായി റെയിൽവേ സ്റ്റേഷന് മീറ്ററുകൾ മാത്രമകലെ ചരക്ക് തീവണ്ടികൾ പോകുന്ന പാളത്തിലാണ് രാവിലെ സ്‌ഫോടക വസ്തു കണ്ടെത്തിയത്. റെയില്‍വേ തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
കണ്ടെത്തിയ അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പാളത്തിന് മധ്യത്തില്‍ സ്ഫോടക വസ്തുകണ്ടെത്തിയത് ഗുരുതര കുറ്റമായാണ് പോലീസ് കണക്കാക്കുന്നത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam