കൊവിഡ് മറച്ചുവച്ച് പ്രവര്‍ത്തനം; കശുവണ്ടി ഫാക്ടറി അധികൃതര്‍ അടച്ചുപൂട്ടി

By Web TeamFirst Published Nov 27, 2020, 12:17 AM IST
Highlights

കൊട്ടാരക്കരയ്ക്കടുത്ത് ഉമ്മന്നൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലക്കര കശുവണ്ടി ഫാക്ടറിക്കെതിരെയാണ് നടപടി. രണ്ടു ദിവസം മുമ്പ് സ്ഥാപനത്തിലെ ജീവനക്കാരിലൊരാള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ ജീവനക്കാരുടെ കൊവിഡ് രോഗം മറച്ചു വച്ച് പ്രവര്‍ത്തനം തുടര്‍ന്ന കശുവണ്ടി ഫാക്ടറി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് അടച്ചുപൂട്ടി. ജീവനക്കാരുടെ സ്രവപരിശോധനയിലടക്കം കൃത്രിമം കാട്ടിയായിരുന്നു കശുവണ്ടി ഫാക്ടറിയുടെ പ്രവര്‍ത്തനം. കൊട്ടാരക്കരയ്ക്കടുത്ത് ഉമ്മന്നൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലക്കര കശുവണ്ടി ഫാക്ടറിക്കെതിരെയാണ് നടപടി.

രണ്ടു ദിവസം മുമ്പ് സ്ഥാപനത്തിലെ ജീവനക്കാരിലൊരാള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സ്രവപരിശോധനയ്ക്ക് കൊടുത്ത സാമ്പിളില്‍ സ്ഥാപനം കൃത്രിമം നടത്തി. രോഗലക്ഷണങ്ങളുള്ള ജീവനക്കാരന്‍റെ പേരില്‍ മറ്റൊരാളെ സ്രവപരിശോധനയ്ക്ക് എത്തിച്ചായിരുന്നു കൃത്രിമം. ഇതേ കുറിച്ച് ആരോഗ്യവകുപ്പിന് രഹസ്യവിവരം കിട്ടിയതോടെ ഫാക്ടറി അടയ്ക്കാനും ജീവനക്കാരെല്ലാം നിരീക്ഷണത്തില്‍ പോകാനും മാനേജ്മെന്‍റിന് നിര്‍ദേശം നല്‍കി.

ഇത് വകവയ്ക്കാതെ സ്ഥാപനം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്. ആരോഗ്യ പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചതോടെ പൊലീസിന്‍റെ സഹായം തേടുകയായിരുന്നു. സ്ഥാപനം പൂട്ടി സീല്‍ ചെയ്തു. ഏഴു ദിവസത്തേക്ക് തുറക്കരുതെന്നാണ് നിര്‍ദ്ദേശം.

സ്ഥാപനത്തിലെ പത്തിലേറെ ജീവനക്കാര്‍ക്ക് നിലവില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നും ഇതിന്‍റെ ഇരട്ടിയാളുകള്‍ക്ക് സമ്പര്‍ക്ക ഭീതിയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ കശുവണ്ടി ഫാക്ടറി ജീവനക്കാരുടെ രോഗം മറച്ചുവച്ചതിന്‍റെ പേരില്‍ നടപടി നേരിടുന്നത്.  

click me!