
അമ്പലത്തറ: കാസർകോട് അമ്പലത്തറയിൽ ആടുകളെ മോഷ്ടിച്ച് വിറ്റ രണ്ടുപേർ അറസ്റ്റിൽ. ചാളക്കടവ് സ്വദേശി ഹനീഫ, കണിച്ചിറ സ്വദേശി സബീർ എന്നിവരയാണ് അമ്പലത്തറ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് കോട്ടപ്പാറ സ്വദേശി ജാനകിയും ഇരിയ സ്വദേശി രാമചന്ദ്രനും മേയാൻ വിട്ട ആടുകളെ കാണാനില്ലെന്ന പരാതിയുമായി അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
ജാനകിയുടെ ആടിന് 15,000 രൂപയും രാമചന്ദ്രന്‍റെ ആടിന് 25,000 രൂപയും വില വരും. ആടിനെ കെട്ടിയിട്ട സ്ഥലങ്ങളിലേയും പരിസരത്തേയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.
ആടുകളായ കാണാതായ സമയത്ത് കാണാതായ രണ്ടുസ്ഥലങ്ങളിലും ഒരേ വാഹനം കടന്നുപോയതായി പൊലീസ് കണ്ടെത്തി. അതേ വാഹനത്തിൽ നിന്ന് ആടിന്‍റെ കരച്ചിൽ കേട്ടതായി നാട്ടുകാരും മൊഴി നൽകിയതോടെ പൊലീസിന് ചിത്രം വ്യക്തമായി. വാഹനം പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇറങ്ങിയ പൊലീസ് ഒടുവിൽ കാഞ്ഞങ്ങാട്ടെ ഇറച്ചിക്കടയിലെത്തി. ആടുകളെ അവിടെ വിറ്റതായി സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടിച്ചത് മീൻവിൽപ്പനക്കാരായ ഹനീഫയും സബീറുമാണെന്ന് കണ്ടെത്തിയത്. ഇരുവരേയും പിടികൂടിയ പൊലീസ് മോഷ്ടിച്ചവയിൽ ഒരാടിനെ ഇറച്ചിക്കടയിൽ നിന്ന് ജീവനോടെ കണ്ടെത്തി. ഒന്നിനെ അതിനകം കശാപ്പ് ചെയ്തിരുന്നു.
ആടിനേയും പ്രതികളേയും പൊലീസ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതികളെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്ത കോടതി ജീവനോടെ ലഭിച്ച ആടിനെ ഉടമ ജാനകിക്ക് വിട്ടുനൽകാനും ഉത്തരവിട്ടു. കൂടുതൽ ആടുകളെ പ്രതികൾ മോഷ്ടിച്ച് വിൽപ്പന നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam