വ്യാജ വിലാസത്തില്‍ സ്വർണം തട്ടിയ കൊറിയർ ജീവനക്കാരൻ ആലുവയിൽ പിടിയിലായി

By Web TeamFirst Published Oct 28, 2020, 12:11 AM IST
Highlights

വ്യാജ വിലാസം ഉണ്ടാക്കി അതിലേക്ക് സ്വർണം ഓർഡർ ചെയ്ത് വരുത്തിയാണ് സന്ദീപ് തട്ടിപ്പ് നടത്തിയത്. 

ആലുവ: വ്യാജ വിലാസമുണ്ടാക്കി സ്വർണം തട്ടിയ കൊറിയർ ജീവനക്കാരൻ ആലുവയിൽ പിടിയിലായി. കണ്ണൂർ സ്വദേശി സന്ദീപ് ആണ് ആറു ലക്ഷം രൂപയുടെ സ്വർണം തട്ടിയത്. ആലുവ തായിക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനാണ് സന്ദീപ്. 

വ്യാജ വിലാസം ഉണ്ടാക്കി അതിലേക്ക് സ്വർണം ഓർഡർ ചെയ്ത് വരുത്തിയാണ് സന്ദീപ് തട്ടിപ്പ് നടത്തിയത്. ഓർഡർ ചെയ്ത സ്വർണമടങ്ങിയ പാക്കറ്റ് എത്തുമ്പോൾ അതിൽ നിന്നും സ്വർണം മോഷ്ടിച്ച ശേഷം പായ്ക്കറ്റ് പഴയത് പോലെ ഒട്ടിക്കും. ഈ വിലാസത്തിൽ ആളില്ലെന്ന് അറിയിച്ച് പായ്ക്കറ്റ് തിരികെ അയക്കും. ഇത്തരത്തിൽ ആറു ലക്ഷത്തോളം രൂപയുടെ സ്വർണം ആണ് സന്ദീപ് തട്ടിയത്. 

പക്ഷെ തിരികെ അയച്ച പായ്ക്കറ്റുകൾ ബാംഗ്ലൂരിലെ കമ്പനി ആസ്ഥാനത്ത് സ്കാൻ ചെയ്തത് സന്ദീപിന് തിരിച്ചടിയായി. സ്വർണം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ കമ്പനി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിന് ശേഷം ഒളിവിൽ പോയ സന്ദീപിനെ ഡിവൈഎസ്പി ജി വേണുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

click me!