
കല്‍പ്പറ്റ: വ്യാജ ആയുര്‍വേദ മരുന്നുകള്‍ വില്‍പ്പന നടത്തുന്നതായുള്ള പരാതിയെ തുടര്‍ന്ന് വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളില്‍ നടത്തിയ പരിശോധനയില്‍ തളിപ്പുഴയിലെ ഔട്ട്‌ലെറ്റില്‍ നിന്ന് കൃത്യമായ ബില്ലോ മറ്റുവിവരങ്ങളോ ഇല്ലാത്ത ആയൂര്‍വേദ മരുന്നുകള്‍ പിടിച്ചെടുത്തു. ആയുര്‍വേദ ഡ്രഗ്‌സ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശപ്രകാരം ലക്കിടിമുതല്‍ വൈത്തിരിവരെയുള്ള വയനാട് ഗാന്ധിഗ്രാമം ഔട്ട്‌ലെറ്റുകളിലായിരുന്നു പരിശോധന.
പതിനായിരം രൂപയുടെ വ്യാജമരുന്നുകളാണ് റെയ്ഡില്‍ തളിപ്പുഴയില്‍നിന്ന് പിടികൂടിയത്. പ്രമേഹം, ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ക്ക് ഫലപ്രദമെന്ന് പരസ്യപ്പെടുത്തി നിര്‍മിച്ച മരുന്നുകളാണ് പിടികൂടിയിട്ടുള്ളത്. 'സിദ്ധ്കൃഷ് ഹെര്‍ബോ ടെക് ജയ്പുര്‍' എന്നപേരില്‍ ഉദ്പാദിപ്പിച്ച മരുന്നുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് പ്രാഥമിക പരിശോഷധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ട്. മരുന്നുകളുടെ ബില്ലുകളൊന്നും പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല.
ഈ മരുന്നുകള്‍ എവിടെ ഉത്പാദിപ്പിച്ചുവെന്നത് വ്യക്തമായിട്ടില്ലെന്നും ബില്ലുകള്‍ ഹാജരാക്കാന്‍ വായനാട് ഗാന്ധിഗ്രാമം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരുന്നുകളുടെ ലേബലില്‍ നിയമപ്രകാരം രേഖപ്പെടുത്തേണ്ട വിവരങ്ങളില്ലെന്നും പരിശോധനാസംഘം പറഞ്ഞു. കേരളത്തില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നിര്‍മിച്ച മരുന്നിന്റെ പേരില്‍ വ്യാജമരുന്നുണ്ടാക്കി വില്‍പ്പന നടത്തുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തലവേദന, ശ്വാസംമുട്ടല്‍, മൈഗ്രെയിന്‍ എന്നിവക്കുള്ള മരുന്നുകളാണ് ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നതായി കണ്ടെത്തിയത്. പിടിച്ചെടുത്ത മരുന്നുകള്‍ കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മരുന്നുകള്‍ വിശദമായ പരിശോധനക്ക് അയക്കും. ഇന്റലിജന്‍സ് ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി.കെ. ഷിനു, ആയുര്‍വേദ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ഡോ. റംസിയ, ഡോ. ശ്രീജന്‍, വയനാട് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ യൂനുസ് കൊടിയത്ത് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Read Also: മിഥുന്‍രാജിന് ഗിന്നസ് റെക്കോര്‍ഡ് എന്നാല്‍ വെറും നിസാരം! 23 വയസിനുള്ളിൽ മൂന്ന് റെക്കോർഡ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam