അയൽവാസിയെ വെടിവെച്ച് കൊന്ന പ്രതിയെ സിപിഎം രക്ഷിക്കുന്നുവെന്ന് ബന്ധുക്കള്‍

By Web TeamFirst Published May 28, 2019, 3:27 PM IST
Highlights

പ്രതി വന്യമൃഗങ്ങളെ വേട്ടയാടി മാംസം പ്രദേശവാസികളായി ചില നേതാക്കള്‍ക്ക് നല്‍കുമായിരുന്നു. ഇവര്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

വയനാട്: പുല്‍പ്പള്ളി കാപ്പിസെറ്റില്‍ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിയെ സഹായിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധുക്കള്‍. പ്രതിയെ പിടികൂടി രണ്ട് ദിവസം കഴിഞ്ഞിട്ടും തെളിവെടുപ്പ് നടക്കാത്തതോടെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് തുടര്‍നടപടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍. അതേസമയം, പ്രതിയുടെ ആരോഗ്യനില മോശമായതിനാലാണ് തെളിവെടുപ്പ് നടത്താത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്.

ചീയമ്പം കാട്ടിലെ കാപ്പിസെറ്റ് വെടിവെപ്പ് കേസിലെ പ്രതി പുളിക്കല്‍ ചാര്‍ളിയെ രണ്ട് ദിവസം മുമ്പാണ് പൊലീസ് പിടികൂടുന്നത്. കൊലപാതകം നടന്ന വെള്ളിയാഴ്ച രാത്രി മുതൽ ഇയാൾ കാട്ടിനുള്ളിൽ ഒളിവിൽ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തെങ്കിലും ഇതുവരെ തെളിവെടുപ്പ് നടന്നിട്ടില്ല.

തെളിവെടുപ്പ് വൈകുന്നതിനാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. വന്യമൃഗങ്ങളെ വേട്ടയാടി പ്രദേശവാസികളായ ചില നേതാക്കള്‍ക്ക് മാംസം നല്‍കുന്ന ശീലം ചാര്‍ളിക്കുണ്ടായിരുന്നു. ഇവര്‍ ചാർളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം.

ചാർളിയുടെ വന്യമൃഗവേട്ട അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെയും നാട്ടുകാര്‍ സമീപിച്ചിട്ടുണ്ട്. അതേസമയം ആരോഗ്യനില വീണ്ടെടുത്ത ശേഷമേ പൊലീസ് കസ്റ്റഡിയില്‍ നല്‍കുവെന്ന കോടതി നിലപാടാണ് തെളിവെടുപ്പ് വൈകുന്നതിന് കാരണമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്.

click me!