
മുംബൈ: പാമ്പുകളെ രക്ഷിക്കുന്ന വീഡിയോകളിലൂടെ പ്രശസ്തനായ യുട്യൂബർ ആംബുലൻസിൽ കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശിയായ യുട്യൂബർ ആകാശ് ജാദവാണ് അറസ്റ്റിലായത്. ഛത്തീസ്ഗഡ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 'സർപ്പമിത്ര ആകാശ് ജാദവ്' എന്ന പേരിൽ പ്രശസ്തനായ ഇയാൾക്ക് 5.68 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഇൻസ്റ്റാഗ്രാമിൽ 3.17 ലക്ഷം ഫോളോവേഴ്‌സുമുണ്ട്. പലയിടങ്ങളിൽ നിന്നായി പാമ്പുകളെ രക്ഷിക്കുന്ന വീഡിയോകളിലൂടെയാണ് ഇയാൾ പ്രശസ്തനായത്. പാമ്പുകളെ രക്ഷിച്ചും വന്യജീവികളെക്കുറിച്ച് അവബോധം നൽകിയും പൊതുസമൂഹത്തിൽ ഇയാൾ വലിയ പ്രശസ്തനായിരുന്നു. ഒഡീഷയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കഞ്ചാവ് കടത്തുന്നതിൽ ഇയാൾ സജീവമായി ഏർപ്പെട്ടിരുന്നുവെന്നും അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. മഹാരാഷ്ട്രയിലെ അഹല്യാപുരം സ്വദേശിയാണ് ജാദവ്. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് ആംബുലൻസിന് കൈ കാണിക്കുന്നത്.
ആംബുലൻസിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് പൊലീസ് വാഹനം പരിശോധിക്കുന്നത്. മഹാസമുന്ദ് പൊലീസാണ് ആംബുലൻസിൽ നിന്ന് 520 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. വിപണിയിൽ 2.6കോടി രൂപ വില വരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിൽ ആകാശ് ജാദവ് അടക്കം 9 പേരാണ് അറസ്റ്റിലായത്. ആൻ്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സും (ANTF) കൊമാഖാൻ പൊലീസ് സ്റ്റേഷനും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയതെന്നാണ് മഹാസമുന്ദ് പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ വിശദമാക്കുന്നത്. അന്വേഷണത്തിനിടെ തിരിച്ചറിഞ്ഞ പ്രധാന പ്രതികളിലൊരാളാണ് ആകാശ് ജാദവ്. പാമ്പുരക്ഷകൻ, വന്യജീവി പ്രവർത്തകൻ എന്നീ നിലകളിലുള്ള തൻ്റെ പൊതു പ്രതിച്ഛായ ഉപയോഗിച്ച് സ്വതന്ത്രമായി സഞ്ചരിക്കാനും പൊലീസിൻ്റെ സംശയം ഒഴിവാക്കാനും പ്രതി ശ്രമിച്ചുവെന്ന് എസ്പി പറഞ്ഞു.
ആകാശ് ജാദവ് ഒഡീഷയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് വലിയ അളവിൽ കഞ്ചാവ് കടത്തിയിരുന്നു. പൂനെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന കഞ്ചാവ് വിതരണ കേന്ദ്രങ്ങളിലൊന്ന്. ചോദ്യം ചെയ്യലിൽ, കഴിഞ്ഞ വർഷം ആറ്-ഏഴ് തവണ സംസ്ഥാന അതിർത്തികൾ കടന്ന് വലിയ അളവിൽ കഞ്ചാവ് കടത്തിയതായി ഇയാൾ സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിലെ ജാദവിൻ്റെ ശക്തമായ സാന്നിധ്യവും പാമ്പുരക്ഷകൻ എന്ന നിലയിലുള്ള പ്രശസ്തിയും ഈ കള്ളക്കടത്ത് പ്രവർത്തനങ്ങൾക്കിടയിലും തൻ്റെ പൊതു പ്രതിച്ഛായ സംരക്ഷിക്കാൻ സഹായിച്ചു. ഈ ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam