
കോഴിക്കോട്: കിർത്താഡ്സിൽ വനിതാ ജീവനക്കാരിയെ അക്രമിച്ചെന്ന പരാതിയിൽ വാച്ച്മാനെതിരെ നടപടി. വാച്ച്മാൻ മുഹമ്മദ് മിഷ്ഹാബിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലിസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ഫയലുകൾ എടുക്കാനെത്തിയ ജീവനക്കാരിയെ ഓഫീസിനു പുറകിലെ ബിൽഡിങ്ങിലുള്ള സ്ത്രീകളുടെ ഡോർമ്മിറ്റെറിയിൽ ഒളിച്ചിരുന്ന നൈറ്റ് വാച്ച്മാൻ മുഹമ്മദ് മിഷ്ഹാബ് ശാരീരികമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കിർത്താഡ്സില്‍ ലക്ചററും മ്യൂസിയം മാനേജറുമായ ഇന്ദുമേനോനാണ് പരാതി നല്‍കിയത്.
ഇന്ദുമേനോനെയും കൂടെയുണ്ടായിരുന്ന അഞ്ചുവയസുകാരനായ മകനെയും പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അമ്മയേയും കുഞ്ഞിനെയും ഓഫീസ്സിലെ പ്രധാനമന്ദിരത്തിന് പുറത്തിറങ്ങാനാകാത്ത വിധം വാച്ച്മാന്‍ പൂട്ടിയിട്ടു. വനിതാ ജീവനക്കാരി സഹപ്രവർത്തകയെ വിളിച്ച് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ജീവനക്കാരിയുടെ സുഹൃത്ത് വിളച്ചറിയിച്ച പ്രകാരംപം പൊലീസ് എത്തിയാണ് അമ്മയെയും കുഞ്ഞിനേയും പുറത്തിറക്കിയത്.
തൊഴിൽ സ്ഥലത്തുവച്ച് വനിതാജീവനക്കാരിയെ ശാരീരികമായി ആക്രമിച്ചതിന് മിഷ്ഹാബിനെതിരെ പൊലീസ് ഐപിസി 354, 323, 342 വകുപ്പുകൾ പ്രകാരം കേസ്സെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ കിർത്താഡ്സില്‍ രാത്രി മതില്‍ ചാടിക്കടന്ന് ഉദ്യോഗസ്ഥ ഫയലുകള്‍ കടത്തുകയായിരുന്നെന്നാണ് കിര്‍ത്താഡ്സിലെ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. അതിക്രമിച്ച് കയറിയ ഉദ്യോഗസ്ഥയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. കിർത്താഡ്സില്‍ ലക്ചററും മ്യൂസിയം മാനേജറുമായ ഇന്ദുമേനോന്‍ അവധി ദിനമായ ഞായറാഴ്ച രാത്രിയില്‍ മതില്‍ ചാടിക്കടന്ന് അനധികൃതമായി കിർത്താഡ്സില്‍ പ്രവേശിക്കുകയായിരുന്നു എന്നാണ് വാച്ച്മാനും പറയുന്നത്.
സ്ഥാപനവുമായി ബന്ധപ്പെട്ട ചില സുപ്രധാന ഫയലുകള്‍ ഇവര്‍ രാത്രിയില്‍ പുറത്ത് കടത്തിയെന്നും കിർത്താഡ്സിലെ ചില ഉദ്യോഗസ്ഥരും ആരോപിച്ചു. രാത്രിയില്‍ അനധികൃതമായി ഓഫീസിനുള്ളില്‍ പ്രവേശിച്ച ഉദ്യോഗസ്ഥയെ സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഉദ്യോഗസ്ഥക്കെതിരെ സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് മിസ്ഹബ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക ആവശ്യത്തിന് ഓഫീസിലെത്തിയ തന്നെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞുവെന്നും ശാരീരികോപദ്രവം ഏല്‍പ്പിച്ചുവെന്നും കാണിച്ച് ഇന്ദുമേനോനും പൊലീസില്‍ പരാതി നല്‍കി. ഇന്ദുമേനോന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam