90 ലക്ഷം രൂപ വായ്പയെടുത്ത് മുങ്ങിയ കേസിലെ പ്രതി കൊച്ചിയില്‍ പൊലീസ് പിടിയിൽ

By Web TeamFirst Published Oct 15, 2019, 9:37 PM IST
Highlights

വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് പ്രസ്  ജപ്തി ചെയ്യുകയും ചെയ്തു. ഇതിനിടയിൽ സഫീർ പ്രിന്‍റിംഗ് മെഷീനുകളും അനുബന്ധ സാമഗ്രികളും പലർക്കായി വിറ്റു. 

കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ കേസിലെ പ്രതി പിടിയില്‍. 2013 ൽ ഫ്ലെക്സ് പ്രിന്‍റിംഗ് സ്ഥാപനം തുടങ്ങാനായി 90 ലക്ഷം രൂപ വായ്പ്പയെടുത്തശേഷം  പണം തിരിച്ചടയ്ക്കാതെ മുങ്ങുകയും ബാങ്ക് ജപ്തി ചെയ്ത മെഷീനുകൾ മറിച്ചു വിൽപ്പന നടത്തുകയും ചെയ്ത കലൂർ സഫലാ ട്രേഡിംഗ് കമ്പനി ഉടമ നോർത്ത് പറവൂർ മന്നം സ്വദേശി കിഴക്കേ വളപ്പിൽ സഫീറിനെ (43) എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.

2013 ൽ ആണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. പണം തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് പ്രസ്  ജപ്തി ചെയ്യുകയും ചെയ്തു. ഇതിനിടയിൽ സഫീർ പ്രിന്‍റിംഗ് മെഷീനുകളും അനുബന്ധ സാമഗ്രികളും പലർക്കായി വിറ്റു. ലേലനടപടികൾക്കായി ബാങ്ക് അധികൃതർ പ്രസ്സിൽ എത്തിയപ്പോൾ ആണ് അവിടം കാലിയായി കിടക്കുന്നത് കണ്ടത്. തുടർന്ന് ബാങ്കിന്‍റെ പരാതിയിൽ നോർത്ത് പൊലീസ് കേസെടുത്തു അന്വഷണം നടത്തിയെങ്കിലും ഇയാൾ വിദേശത്തേക്ക്  മുങ്ങിയിരുന്നു.

അടുത്തയിടെ ഇയാൾ നാട്ടിൽ തിരിച്ചെത്തിയതായി വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊര്ജിതമാക്കിയിരുന്നു. ഇതിനിടയിൽ കണ്ണൂർ സ്വദേശിനിയായ ഒരു യുവതിയോടൊപ്പം ഇയാൾ കാക്കനാട് ഫ്ലാറ്റ് വാടകക്കെടുത്തു താമസം തുടങ്ങി. ഇവിടെനിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

എറണാകുളം നോർത്ത് എസ്എച്ച്ഒ കണ്ണൻ, എസ് ഐ അഭിലാഷ്, എഎസ്ഐ റഫീഖ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് കൃഷ്ണ, സിവില്‍ പൊലീസ് ഓഫിസര്‍ അജിലേഷ് എന്നിവർ  ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ കൂടുതൽ അന്വഷണത്തിനായും, വിൽപ്പന നടത്തിയ സാധനങ്ങൾ കണ്ടെത്തുന്നതിനാണ് പിന്നീട് കസ്റ്റഡിയിൽ വാങ്ങും.
 

click me!