
തിരുവനന്തപുരം / വയനാട് : സംസ്ഥാനത്ത് ലഹരി വേട്ട തുടരുന്നു. തലസ്ഥാനത്തും വയനാട്ടിലും തൊടുപുഴയിലും രാസലഹരിയായ എംഡിഎംഎയുമായി അഞ്ച് പേര്‍ പിടിയിലായി. തിരുവനന്തപുരം വര്‍ക്കലയിൽ രണ്ട് യുവാക്കളാണ് പിടിയിലായത്. വര്‍ക്കല സ്വദേശികളായ ദിലീപ്, അരുൺ എന്നിവരാണ് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ കോടതി റോഡിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ മയക്കുമരുന്നുമായി പിടിയിലായത്. സ്കൂട്ടറിന്‍റെ സീറ്റിന് അടിയിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. അരുണിന്‍റെ പോക്കറ്റിൽ നിന്ന് നിട്രാസെപാം ഗുളികകളും കണ്ടെടുത്തു. ലഹരി വിരുദ്ധ ടീമിന്‍റെ പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായായിരുന്നു പരിശോധന.
ആവശ്യക്കാര്‍ക്ക് ലഹരിയെത്തിക്കുന്ന ശൃംഖല കേരളത്തിൽ സജീവം; മയക്കുമരുന്ന് കടത്തുകാരന്‍ ഒളിക്യാമറയില്‍
വയനാട്ടിൽ തിരുനെല്ലി കാട്ടിക്കുളത്ത് 106 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരാണ് പിടിയിലായത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഫാരിസ്, ഹഫ്‌സീർ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്ക് എത്തിച്ച മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്. കാട്ടിക്കുളത്ത് പൊലീസ് എയ്ഡ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കളിപ്പാട്ടത്തിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇതിന് മുൻപും പ്രതികൾ മയക്കുമരുന്ന് കടത്തിയതായാണ് വിവരം. വാണിജ്യ അടിസ്ഥാനത്തിൽ എത്തിച്ച് വൻ തുകയ്ക്കാണ് സംഘം മയക്കുമരുന്നു വിൽപന നടത്തിയിരുന്നതെന്നാണ് സൂചന. ഈ അടുത്ത കാലത്ത് വയനാട്ടിൽ പൊലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണ് കാട്ടിക്കുളത്തേത്.
Also Read: ആറ് മാസത്തിനിടെ രാസലഹരിയുടെ പിടിയിലായത് 411 കുട്ടികൾ; അനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥികൾ
തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തിയിരുന്ന യുവാവാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. തൊടുപുഴ ഇടവെട്ടി സ്വദേശി ഷാൽബിൻ ഷാജഹാനാണ് പിടിയിലായത്. ഇയാള്‍ക്ക് ലഹരി മരുന്നകള്‍ നല്‍കുന്ന സംഘത്തെകുറിച്ച് എക്സൈസും പൊലീസും അന്വേഷണം തുടങ്ങി. കൊച്ചിയടക്കം മധ്യകേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് തമിഴ്നാട്ടില്‍ നിന്നും ലഹരിയെത്തിക്കുന്നത് തൊടുപുഴ കേന്ദ്രീകരിച്ചാണെന്ന വിവരം പൊലീസിനും എക്സൈസിനുമുണ്ട്.
ഇതിനിടെ തൊടുപുഴയിലെ സ്വകാര്യ മെഡിക്കല്‍ -ലോ കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പ്പനയെകുറിച്ചുള്ള വിവരവും ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷാല്‍ബിന്‍ ഷാജഹാന്‍ പിടിയിലാകുന്നത്. കോളേജ് വിദ്യാര‍്ത്ഥികള്‍ക്കിടയില്‍ ലഹരി വില‍്ക്കുന്ന പ്രധാന കണ്ണിയാണ് ഇയാളെന്നാണ് എക്സൈസ് സംഘം വിശദീകരിക്കുന്നത്. വലയിലാകുമ്പോൾ ഷാല്‍ബിന്‍റെ കൈവശം എട്ടു ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam