ക്ലാസ്മേറ്റിന്റെ സ്വാധീനത്തിൽ ലഹരിക്ക് അടിമയായിപ്പോയെ പതിനാല് കാരിയുടെ അനുഭവം ആരെയും ഞെട്ടിപ്പിക്കുന്നത്
കണ്ണൂർ: കഴിഞ്ഞ ആറുമാസത്തിനിടെ കേരളത്തിൽ രാസ ലഹരി ഇടപാടിൽ പെട്ടുപേയത് 411 വിദ്യാർത്ഥികളാണ്. ആദ്യം സൗജന്യമായി നൽകി ലഹരിക്കടിമയാക്കും. പിന്നീട് ഈ കുട്ടികളെ ഉപയോഗിച്ച് സ്കൂളുകളിൽ വിൽപന നടത്തുന്നതാണ് ലഹരി മാഫിയയുടെ രീതി. കണ്ണൂരിൽ ഒൻപതാം ക്ലാസുകാരിയെ എംഡിഎംഎ നൽകി സഹപാഠി ലൈംഗിക ചൂഷണം നടത്തിയ സംഭവം വരെ ഉണ്ടായി.
ഒരാഴ്ച മുൻപ് കണ്ണൂരിലെ എക്സൈസ് ഇൻസ്പെക്ടർക്ക് ഒരു ടിപ് കിട്ടി. ഒരു പാലത്തിന്റെ ഇറക്കത്തിൽ വെകുന്നേരങ്ങളിൽ ബൈക്കിലെത്തുന്ന സംഘം രാസലഹരിയായ എംഡിഎംഎ വിൽക്കുന്നു. മഫ്ടിയിൽ കാത്തുനിന്ന ഉദ്യോഗസ്ഥർക്ക് മുന്നിലേക്ക് ബൈക്കുമായി വന്നത് ഒരു പ്ലസ്ടു വിദ്യാർത്ഥി. അർജുൻ 23 കാരനാണ് ഈ പതിനാറുകാരനെ ലഹരിക്കടത്തിന്.
'അന്ന് അവനെന്നോട് ഒരു സ്ഥലം വരെ കൊണ്ടുചെന്നാക്കാമോ എന്ന് ചോദിച്ചു. ഞാനവനെ ബൈക്കിൽ കയറ്റി. അവിടെ എത്തിയപ്പോഴേക്കും എവിടുന്നൊക്കെയോ എക്സൈസ് സംഘം ചാടിവീണു. അപ്പോഴാണ് അവന് ഇമ്മാതിരി ഇടപാടുണ്ടെന്ന് മനസിലായത്. ഒരിക്കലും മറക്കില്ല ഞാനത്,'- പ്ലസ് ടു വിദ്യാർത്ഥി തനിക്കുണ്ടായ അനുഭവം റോവിങ് റിപ്പോർട്ടറോട് പങ്കുവെച്ചു.
ഇതുപോലുള്ള കുഞ്ഞുങ്ങളെ ഉപയോഗിച്ചാണ് സംസ്ഥാനത്തെ സ്കൂളുകളിൽ മയക്കുമരുന്ന് വിൽപന തകൃതിയായി നടക്കുന്നത്. ക്ലാസ്മേറ്റിന്റെ സ്വാധീനത്തിൽ ലഹരിക്ക് അടിമയായിപ്പോയെ പതിനാല് കാരിയുടെ അനുഭവം ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
'നിന്റെ ഡിപ്രഷൻ മാറുമെന്ന് പറഞ്ഞാണ് അവൻ ആദ്യം അത് തന്നത്. പിന്നീട് അതില്ലാതെ പറ്റില്ലെന്നായി. ഒരു ദിവസം അവന് വല്ലാതെ ദേഷ്യം വന്ന് എന്റെ വയറ്റിൽ ചവിട്ടി. ആ സാധനത്തിന് ഭയങ്കരായിട്ട് അഡിക്ഡായി (അടിമയാക്കപ്പെടുക) പോകും. ഭയങ്കര മെന്റർ ടോർച്ചറായിരുന്നു അവന്റേത്. സെക്ഷ്വലി അബ്യൂസ് (ലൈംഗികാതിക്രമം) ചെയ്തിട്ടുണ്ട്,'- 14 കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഇക്കൊല്ലം ജൂൺ വരെയുള്ള കണക്കുപ്രകാരം 389 കേസുകളിലായി 414 വിദ്യാർത്ഥികൾ മയക്കുമരുന്ന് ഇടപാടിൽ പെട്ടുപോയിട്ടുണ്ട്. ഇതൊക്കെ തടയാൻ എക്സൈസും പൊലീസും എന്ത് ചെയ്യുന്നു എന്ന് ചോദിച്ചൽ സ്റ്റുഡന്റ് പൊലീസ് പ്രോഗ്രാം, സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ് ഇങ്ങനെ പദ്ധതികളുടെ പട്ടിക ഉദ്യോഗസ്ഥർ നിരത്തും. എന്നിട്ടും തൃശൂരിൽ പിടിയിലായ എംഡിഎംഎ വിൽപനക്കാരന്റെ പറ്റുബുക്കിൽ 100ലേറെ കുട്ടികളുടെ പേര് വന്നത് എങ്ങനെയെന്ന് ചോദിച്ചാൽ അവിടെ ഉദ്യോഗസ്ഥരുടെ ഉത്തരം മുട്ടും.
