രാത്രിയായാൽ ബൈക്കിലും കാറിലും നഗരത്തിലേക്ക് ഇറങ്ങുന്ന യുവാക്കളുടെ ശൃംഖല പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് പതിവുകാർക്ക് മയക്കുമരുന്ന് എത്തിക്കും. കോഴിക്കോട് നടക്കാവിൽ എംഡിഎംഎ വിൽക്കുന്ന ജോബിൻ എന്നയാളെ ഏഷ്യാനെറ്റ് ന്യൂസ് സംഘം ഒളിക്യാമറയിൽ പകർത്തി.
കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് കൊണ്ടുവരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ, ചെറു പാക്കറ്റുകളിലാക്കി ആവശ്യക്കാരിലെത്തിക്കുന്ന യുവാക്കളുടെ ശൃംഖല കേരളത്തിൽ സജീവം. രാത്രിയായാൽ ബൈക്കിലും കാറിലും നഗരത്തിലേക്ക് ഇറങ്ങുന്ന ഇവർ പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് പതിവുകാർക്ക് മയക്കുമരുന്ന് എത്തിക്കും. കോഴിക്കോട് നടക്കാവിൽ എംഡിഎംഎ വിൽക്കുന്ന ജോബിൻ എന്നയാളെ ഏഷ്യാനെറ്റ് ന്യൂസ് സംഘം ഒളിക്യാമറയിൽ പകർത്തി.
ആഴ്ചകൾ പരിശ്രമിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം കോഴിക്കോട്ടെ രാസലഹരി വിൽപന സംഘത്തിലേക്ക് ഒരു കണക്ഷൻ സെറ്റാക്കി എടുത്തത്. എംഡിഎംഎ ഉപയോഗിക്കുന്ന ഒരുപിടി ആളുകളെ നേരിൽ കണ്ട് സംസാരിച്ചപ്പോൾ അതിലൊരാൾ ന്യൂസ് സംഘത്തിനൊപ്പം വരാമെന്ന് ഏറ്റു. പേരോ ദൃശ്യമോ പുറത്ത് വിടില്ല എന്ന ഉറപ്പിൻമേലാണ് ഈ സാഹസത്തിന് അയാൾ സമ്മതിച്ചത്. അര ഗ്രാം എംഡിഎംഎയ്ക്കായി 1500 രൂപ ഗൂഗിൾ പേ വഴി കൈമാറി. ചുവന്ന സ്വിഫ്റ്റ് കാറിൽ വിതരണക്കാരൻ വരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അര മണിക്കൂരിന് ശേഷം നടന്നാണ് അയാൾ വന്നത്. ചുറ്റും വീക്ഷിച്ച് ഞൊടിയിടെ പൊതി കൈമാറി അയാൾ സ്ഥലം വിട്ടു.
Also Read : ആറ് മാസത്തിനിടെ രാസലഹരിയുടെ പിടിയിലായത് 411 കുട്ടികൾ; അനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥികൾ
എംഡിഎംഎ വിതരണക്കാരന്റെ പേര് ജോബിയെന്നും കോഴിക്കോട് സ്വദേശിയെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കിട്ടിയ വിവരം. ലഹരി വിൽപനക്കാരന്റെ ദൃശ്യമടക്കമുള്ള വിവരങ്ങൾ തുടർ നടപടിക്കായി കോഴിക്കോട് എക്സൈസ് ഉദ്യോഗസ്ഥരുടെ മുൻപാകെ വെക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം. ലഹരി വിൽപനയുമായി ബന്ധപ്പെട്ട് ഇതുവരെ ശ്രദ്ധയിൽ പെടാത്ത സ്ഥലമാണെന്നാണ് നടക്കാവ് വണ്ടിപ്പേട്ട് ബസ് സ്റ്റോപ് പരിസരം എന്നാണ് ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ജി പ്രദീപ് പറയുന്നത്.

