
തിരുച്ചിറപ്പള്ളി: തമിഴ്നാട് പെരമ്പല്ലൂരിൽ കാട്ടിൽ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്‍പന നടത്തിവന്ന സംഘം അറസ്റ്റില്‍. ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പൊലീസ് സംഘത്തിന്‍റെ വലയിൽ അപ്രതീക്ഷിതമായാണ് വേട്ടക്കാർ കുടുങ്ങിയത്. നായാട്ട് സംഘത്തില്‍ നിന്നും നാടൻ തോക്കുകളും വെടിമരുന്നുമടക്കം ആയുധങ്ങള്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. രംഗനാഥപുരം സ്വദേശികളായ രാമചന്ദ്രൻ, മുരുകേശൻ, ഗോപിനാഥൻ, മണി, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്.
തിരുച്ചിറപ്പള്ളി ഏലുമലയിലെ സംരക്ഷിത വനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് നാട്ടുകാരുടെ ആടുകൾ മോഷണം പോകുന്നത് പതിവായിരുന്നു. പരാതികൾ ഏറിയതോടെ പരിശോധനക്കിറങ്ങിയ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലാണ് മാൻ വേട്ടക്കാർ കുടുങ്ങിയത്. വാരാന്ത്യങ്ങളിലായിരുന്നു പതിവായി ആടുകളെ നഷ്ടമായിരുന്നത്. അതുകൊണ്ട് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പ്രദേശമാകെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്താനായിരുന്നു അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
രംഗനാഥപുരത്ത് വാഹനപരിശോധനക്കിടെ നിർത്താതെ പോയ മിനി വാൻ പെരമ്പൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്ന് പിടികൂടിയപ്പോഴാണ് മാൻ വേട്ടക്കാരാണെന്ന് തിരിച്ചറിഞ്ഞത്. മൂന്ന് പുള്ളിമാനുകളുടെ ജഡങ്ങളും രണ്ട് നാടൻ തോക്കുകളും വെടിമരുന്നും അഞ്ചംഗ സംഘത്തിൽ നിന്ന് പിടിച്ചെടുത്തു.
വനത്തിനുള്ളിൽ കടന്ന് പുള്ളിമാനുകളെ മാത്രം തെരഞ്ഞ് വേട്ടയാടിപ്പിടിച്ച് ഇറച്ചിയാക്കി വിൽക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുകൊല്ലമായി നൂറുകണക്കിന് മാനുകളെ വേട്ടയാടിയിട്ടുണ്ടെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഇവരുടെ കയ്യിൽ നിന്ന് മാനിറച്ചി വാങ്ങിയവരേയും പൊലീസ് തെരയുന്നുണ്ട്. ഇത്രയും വ്യാപകമായി വേട്ട നടന്നിട്ടും വനംവകുപ്പിനും ഇന്‍റലിജൻസിനും വിവരം കിട്ടാതിരുന്ന് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
Read More : പന്ത്രണ്ടുകാരിയെ ബാങ്ക് ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവം; ബാങ്കില്‍ വെച്ചും കാറില്‍ വെച്ചും പീഡനമെന്ന് മൊഴി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam