ഫ്ലാറ്റ് പീഡന കേസ്: കൂടുതല്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തും, തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കാനും പൊലീസ്

By Web TeamFirst Published Jun 12, 2021, 2:31 AM IST
Highlights

കോടതിയിൽ ഹാജരാക്കിയ പ്രതി മാർട്ടിൻ ജോസഫിനെ ഈ മാസം 21 വരെ ജുഡീഷൽ കസ്റ്റഡിയിൽ റിമാന്‍ഡ് ചെയ്തിരുന്നു. കാക്കനാട് ജില്ലാ ജയിലിലാണ് പ്രതിയുള്ളത്. തിങ്കളാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് ലൈംഗീക പീഡനത്തിനിരയാക്കിയ കേസിൽ പൊലീസ് കൂടുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തും. പ്രതി മാർട്ടിൻ ജോസഫും യുവതിയും താമസിച്ച ഫ്ലാറ്റുമായി ബന്ധപ്പെട്ട ആളുകളെയാണ് മൊഴി രേഖപ്പെടുത്താൻ വിളിച്ചു വരുത്തുക. കോടതിയിൽ ഹാജരാക്കിയ പ്രതി മാർട്ടിൻ ജോസഫിനെ ഈ മാസം 21 വരെ ജുഡീഷൽ കസ്റ്റഡിയിൽ റിമാന്‍ഡ് ചെയ്തിരുന്നു.

കാക്കനാട് ജില്ലാ ജയിലിലാണ് പ്രതിയുള്ളത്. തിങ്കളാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് ശേഷം പ്രതി താമസിച്ച ഫ്ലാറ്റിലും ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. മാർട്ടിൻ ജോസഫിന് ഒളിവിൽ കഴിയാൻ സഹായിച്ചതിന് അറസ്റ്റിലായ മൂന്ന് പ്രതികളെ ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങേണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

അതേസമയം, മാർട്ടിൻ ജോസഫിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. കോടതിയുടെ പരിഗണനയിൽ കേസ് ഇരിക്കെ അറസ്റ്റ് ചെയ്തത് ദൗർഭാഗ്യകരം എന്ന് പ്രതിഭാഗം വാദിച്ചു. കോടതിയെ പൊലീസ് അപമാനിച്ചെന്ന പ്രതിയുടെ വാദത്തോട് അത് സാരമില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

കണ്ണൂർ സ്വദേശിനിയായ യുവതിക്ക് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.  

മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ മാർച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ, അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു.

ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍  മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!