സ്വർണ വ്യാപാരിയെ ആക്രമിച്ച് 100 പവൻ തട്ടിയെടുത്ത കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

By Web TeamFirst Published Apr 16, 2021, 6:27 PM IST
Highlights

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നെയ്യാറ്റിൻകരയിൽ നിന്നും ആറ്റിങ്ങളിലേക്ക് കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവൻ സ്വർണം കവർന്നത്. സ്വർണ വ്യാപാരിയായ സമ്പത്തിനെയും രണ്ടു സഹായികളെയും പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം വച്ച് ആക്രമിച്ച ശേഷമാണ് രണ്ടു കാറുകളിലെത്തിയ പ്രതികള്‍ കവർച്ച നടത്തിയത്.


തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോസിറ്റിക്ക് സമീപം സ്വർണ വ്യാപാരിയെ ആക്രമിച്ച് 100 പവൻ തട്ടിയെടുത്ത കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുടെ വീട്ടിൽ നിന്നും കവർച്ച ചെയ്ത സ്വർണവും പൊലീസ് കണ്ടെത്തി. സ്വർണ വ്യാപാരിയായ സമ്പത്തിൻ്റെ കാറിലുണ്ടായിരുന്ന പണം ലക്ഷ്യമിട്ടാണ് പ്രതികള്‍ കവർച്ച പദ്ധതിയിട്ടതെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നെയ്യാറ്റിൻകരയിൽ നിന്നും ആറ്റിങ്ങളിലേക്ക് കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവൻ സ്വർണം കവർന്നത്. സ്വർണ വ്യാപാരിയായ സമ്പത്തിനെയും രണ്ടു സഹായികളെയും പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം വച്ച് ആക്രമിച്ച ശേഷമാണ് രണ്ടു കാറുകളിലെത്തിയ പ്രതികള്‍ കവർച്ച നടത്തിയത്. സമ്പത്തിൻ്റെ രണ്ട് സഹായികളെ തട്ടികൊണ്ടുപോയി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. 

കാറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷമാണ് പ്രദേശവാസികളായ പ്രതികളിൽ എത്തിയത്. സ്ഥലത്തെ ഇടറോഡുകള്‍ കൃത്യമായി അറിയാവുന്നവരാണ് പ്രതികളാണെന്ന് തുടക്കംമുതൽ പൊലീസ് സംശയിച്ചു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് പെരുമാതുറ സ്വദേശികളായ നെബിൻ, അൻസർ, അണ്ടൂർക്കോണം സ്വദേശി ഫൈസൽ, സ്വർണം വിൽക്കൻ സഹയാിച്ച പെരുമാതുറ സ്വദേശി നൗഫൽ എന്നിവരിലേക്ക് അന്വേഷണമെത്തിയത്. കാറിൻ്റെ രഹസ്യ അറിയിലുണ്ടായിരുന്ന പണമായിരുന്നു പ്രതികളുടെ ലക്ഷ്യം. പക്ഷെ കാർ തട്ടികൊണ്ടുപോകാനുള്ള ശ്രമം പാളിയതോടെയാണ് സ്വർണവുമായി കടന്നത്. കാറിലുണ്ടായിരുന്ന പണം സ്വർണവ്യാപാരി സമ്പത്ത് കടത്തുകയും ചെയ്തു. 

മുഖ്യ സൂത്രധാരൻ ഉൾപ്പെടെ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. സ്വർണവും പണവും കൊണ്ടുപോകുന്ന വിവരം കൃത്യമായി അറിയാവുന്ന ഒരാളാണ് ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്. ഇയാളെ കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. റൂറൽ എസ്പി പി കെ മധുവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. മംഗലപുരം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

click me!