
കണ്ണൂര്‍: പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. ക്വട്ടേഷന്‍, കൊലക്കേസ്, സ്വര്‍ണ്ണക്കടത്ത് കേസുകളടക്കം നിരവധി കേസുകളിലെ പ്രതിയായതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെങ്കിലും സമൂഹ മാധ്യമങ്ങളിലും സിപിഎം ഗ്രൂപ്പുകളിലും വലിയ ഫാന്‍ബേസും താരപരിവേഷവുമുള്ളയാളാണ് ആകാശ് തില്ലങ്കേരി. ക്വട്ടേഷന്‍ നേതാവാണെന്ന് സിപിഎം നേതൃത്വം തന്നെ പരസ്യമായി തള്ളി പറഞ്ഞിട്ടുള്ള ആകാശിന്‍റെ പുതിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നാണ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയത്. 'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നായിരുന്നു' ആകാശ് വെളിപ്പെടുത്തിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്. ഇതോടെ സിപിഎം പ്രതിരോധത്തിലാവുകയും ഷുഹൈബ് വധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ തന്നെ നേരിട്ട് വരികയും ചെയ്തു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും, നിലയ്ക്ക് നിര്‍ത്തണമെന്ന് നേതൃത്വം തുറന്നടിച്ചിട്ടും ഇടത് അണികള്‍ക്കിടയില്‍ വീര പരിവേഷമുള്ള, സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിക്കുന്ന ആകാശ് തില്ലങ്കേരിയുടെ ചരിത്രമെന്താണ്?
കണ്ണൂരിലെ പ്രബല നേതാവായിരുന്ന പി ജയരാജൻ ഒതുക്കപ്പെട്ടതോടെയാണ് പാർട്ടിയിൽ ആകാശിന്‍റെ പിടി കുറഞ്ഞത്. അതുവരെ പാർട്ടിയുടെ മുദ്രാവാക്യം വിളികളിൽ മുൻനിരയിലുണ്ടായിരുന്ന ആളായിരുന്നു ആകാശ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും സിപിഎം അനുഭാവിയെന്ന ലേബലിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആകാശ് തില്ലങ്കേരിയുടെ ഇടപെടല്‍. നിരവധി കേസുകളിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ പലപ്പോഴും സിപിഎമ്മിന് തലവേദനയായിട്ടുണ്ട്. ആകാശ് തില്ലങ്കേരിക്കെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ വനിതാ അംഗം നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് നടപടി. മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപിന്‍റെ പരാതി. ആകാശിന്‍റെ ക്വട്ടേഷൻ ബന്ധത്തെപ്പറ്റി ഡിവൈഎഫ്ഐ കമ്മറ്റിയിൽ സംസാരിച്ചതിന് പിന്നാലെയാണ് വനിത പ്രവർത്തകയെ ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. എന്തായാലും പാര്‍ട്ടിക്കെതിരെ ആകാശ് നടത്തിയ വെളിപ്പെടുത്തലും സമൂഹമാധ്യമങ്ങളിലെ താരപരിവേഷവുമെല്ലാം സിപിഎമ്മിന് തീരാതലവേദനയായിരിക്കുകയാണ്.
Read Morre : ക്വട്ടേഷന്‍ ബന്ധം ചോദ്യം ചെയ്തു; വനിതാ അംഗത്തെ ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും അധിക്ഷേപിച്ചു, അന്വേഷണം