മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപിന്‍റെ പരാതി.
കണ്ണൂര്‍: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ ആകാശ് തില്ലങ്കേരിയെ പൊലീസ് ചോദ്യം ചെയ്യും. ആകാശിന്‍റെ ക്വട്ടേഷൻ ബന്ധത്തെപ്പറ്റി ഡിവൈഎഫ്ഐ കമ്മറ്റിയിൽ സംസാരിച്ചതിന് പിന്നാലെയാണ് വനിത പ്രവർത്തകയെ ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചത്. ആകാശ് തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി ജിജോ തില്ലങ്കേരി എന്നിവർക്കെതിരെ കേസെടുത്താണ് മുഴക്കുന്ന് പൊലീസിന്റെ അന്വേഷണം.
മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപിന്‍റെ പരാതി. ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
അതേസമയം പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലോടെ സമൂഹമാധ്യമങ്ങളിൽ ആകാശിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പരസ്പരം വാക്പോര് തുടരുന്നുണ്ട്. ആകാശിന്‍റെ ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുറന്നുകാട്ടി ഈ സംഘത്തിനെതിരെ പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. 'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വിവരങ്ങൾ തുറന്നെഴുതിയത്.
'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാചതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും''- ആകാശ് തുറന്നടിക്കുന്നു.
Read More : 'കേരളമേ... ആ നിരപരാധിയുടെ ചുടുരക്തത്തിൽ നിങ്ങള്‍ക്കും പങ്കുണ്ട്'; കുറ്റബോധം വേട്ടയാടുമെന്ന് വി ടി ബല്‍റാം
