
ലഖ്നോ: ഉത്തർ പ്രദേശിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വെടിയേറ്റ് മരിച്ചു. ലഖ്നോ കോടതി പരിസരത്ത് വച്ച് ഗുണ്ടാ നേതാവ് സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്. ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പടിഞ്ഞാറൻ യുപിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ കൂട്ടാളിയുമാണ് കൊല്ലപ്പെട്ട ജീവ.
ലഖ്‌നോ സിവിൽ കോടതിയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കോടതി മുറിക്ക് പുറത്തു വച്ചാണ് സഞ്ജീവ് ജീവയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അഭിഭാഷക വേഷത്തിലെത്തിയ അക്രമി സഞ്ജീവ് ജീവയ്ക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ഒരു പൊലീസുകാരനും പെൺകുട്ടിക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണു സഞ്ജീവ് ജീവ. ദ്വിവേദി കൊലക്കേസിൽ വാദം കേൾക്കുന്നതിനായാണ് സഞ്ജീവിനെ കോടതിയിലെത്തിച്ചത്. അഭിഭാഷകന്റെ വേഷത്തിൽ കാറിലെത്തിയ പ്രതി സഞ്ജീവ് ജീവയ്ക്കു നേരെ വെടിയുതിർത്ത ശേഷം സംഭവ സ്ഥലത്തുനിന്നു കടന്നുകളഞ്ഞെന്ന് പൊലീസ് അറിയിച്ചു. രണ്ടുമാസം മുൻപാണ് മുൻ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദ് യുപി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
യുപി മുൻ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദിന് ഒമ്പത് തവണ വെടിയേറ്റിരുന്നതായിട്ടായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സഹോദരൻ അഷ്റഫ് അഹമ്മദിന്റെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെടുത്തത്. ഒരു വെടിയുണ്ട അതിഖ് അഹമ്മദിൻറെ തലയിൽ നിന്നും എട്ട് വെടിയുണ്ടകൾ നെഞ്ചിലും ശരീരത്തിൻറെ പുറകില‍് നിന്നുമായി കണ്ടെടുത്തെന്നാണ് വിവരം. അഷ്റഫ് അഹമ്മദിന് അഞ്ച് തവണയാണ് വെടിയേറ്റത്. ഈ വിഷയത്തിലെ വിവാദങ്ങൾ ഒന്ന് കെട്ടടങ്ങിയപ്പോഴാണ് യുപിയിൽ കോടതി മുറിക്ക് പുറത്തു വച്ച് കൊലപാതകം നടന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam