കൊല്ലപ്പെട്ട രത്ന വ്യാപാരി ഹരിഹരവർമ്മ യഥാർത്ഥത്തിൽ ആര്? ഇന്നും ദുരൂഹതയൊഴിയാത്ത ആ കേസ്

By Web TeamFirst Published Oct 2, 2021, 9:39 AM IST
Highlights

വർമ്മയെകുറിച്ചുള്ള അന്വേഷണം തുടങ്ങിയപ്പോൾ ദുരൂഹത ഏറിയ ഹരിഹരവർമ്മയെന്ന പേരിനായി ഉണ്ടാക്കിയ സ്കൂള്‍ സർട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞു. പലയിടത്തും പല പേരുകളിൽ താമിച്ചിരിക്കുന്നു.

തിരുവനന്തപുരം: കേരളം ഞെട്ടിയ തട്ടിപ്പും കൊലപാതക കേസുമായിരുന്നു ഹരിഹരവർമ്മ കേസ്. അമൂല്യരത്നങ്ങൾ കൈവശം ഉണ്ടെന്ന് പറഞ്ഞ് പലരെയും പറ്റിച്ച ഹരിഹരവർമ്മയെ മറ്റൊരു തട്ടിപ്പ് സംഘം കൊലപ്പെടുത്തുകയായിരുന്നു. കുറ്റവാളികൾക്ക് ശിക്ഷ ലഭിച്ചെങ്കിലും കൊല്ലപ്പെട്ടത് ഹരിഹരവർമ്മയാണോ അതോ മറ്റാരെങ്കിലും ആണോ എന്നതിലെ ദുരൂഹത ഇപ്പോഴും തീർന്നിട്ടില്ല. മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് ചർച്ചയാകുമ്പോൾ പ്രമാദമായ ഹരിഹരവർമ്മ കേസിന്റെ നാൾവഴിയിലേക്ക്

2012 ഡിസംബർ 24ന് വട്ടിയൂർക്കാവ് പുതൂർക്കോണം ക്ഷേത്ര ലൈനിലുള്ള ഹരിദാസ് എന്നയാളുടെ വീട്ടിലാണ് കൊലപാതകം നടക്കുന്നത്. കൊല്ലപ്പെട്ടത് പൂഞ്ഞാർ രാജ കുടുംബാഗമായ ഹരിഹർവർമ്മയെന്നായിരുന്നു പൊലീസിന്റെ അറിവ്. വർമ്മയുടെ കൈവശമുള്ള രത്നങ്ങള്‍ തട്ടിയെടുക്കാനായിരുന്നു കൊലപാതകം.

കൊലപാതകികളെ കുറിച്ച് മാത്രമല്ല, കൊല്ലപ്പെട്ടയാളെ കുറിച്ചും രത്നങ്ങളെ കുറിച്ചും തൊട്ടടുത്ത ദിവസം തന്നെ വലിയ ചർച്ചയായി. ഇംഗ്ലണ്ടിൽ നിന്നും ഡോക്ടറേറ്റുള്ള ഹരിഹരവർമ്മയുടെ കൈവശം 300 കോടിയുടെ അമൂല്യ രത്ന ശേഖരമുണ്ടെന്നാണ് പലരോടും പറഞ്ഞത്. സ്ഥായിയായി ബന്ധങ്ങള്‍ സൂക്ഷിക്കാതിരുന്ന ഹരിഹരവർമ്മക്ക് പക്ഷെ ആരുമറിയാത്ത മറ്റൊരു ലോകമുണ്ടായിരുന്നു. ഈ ബന്ധങ്ങളുപോയിഗിച്ചാണ് കൈയിലുണ്ടായിരുന്ന കല്ലുകള്‍ പലരെയും കാണിച്ചിരുന്നത്. ഓരോ തവണ രത്നങ്ങൾ കാണിക്കുന്നതിനും പണം വാങ്ങിയിരുന്നു. 

അങ്ങനെ കല്ലുകാണാൻ വന്ന കണ്ണൂർ സ്വദേശി ജിതേഷാണ് എന്തുവിലകൊടുത്തും കല്ലുകള്‍ തട്ടിയെടുക്കാൻ തീരുമാനിച്ചത്. ഇതിനായി മറ്റ് നാലു യുവാക്കളുമായി പദ്ധതി തയ്യാറാക്കി. കല്ല് തട്ടിയെടുക്കാനുള്ള ഗൂഡാലോചന ഹരിഹരവർമ്മയുടെ സുഹൃത്ത് ഹരിദാസിനും അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ കുറ്റപത്രം. കർണാടകയിലെ മന്ത്രിയുടെ മകനെന്ന വ്യാജേനെ കന്നട അറിയാവുന്ന ജോസഫെന്ന എഞ്ചിനിയറിംഗ് വിദ്യാർത്ഥിയെ ഹരിദാസിന്റെ വീട്ടിലെത്തിച്ചു. കല്ലുകള്‍ കാണിക്കുന്നതിനിടെ വർമ്മയെ കൊലപ്പെടുത്തി പ്രതികള്‍ കല്ലുകളുമായി രക്ഷപ്പെട്ടു. ആറു പ്രതികളിൽ ഹരിദാസിനെയും ജോസഫിനെയും കോടതി വെറുതെവിട്ടു. ജിതേഷ്, രഖിൽ, അജീഷ്, രാഗേഷ് എന്നീ പ്രതികള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. 

ഹരിവർമ്മ ആര്? കൊല്ലപ്പെട്ടത് ആര്? പൊലീസിനെ കുഴക്കിയ ആ ചോദ്യം

പക്ഷെ ഇന്നും ബാക്കി നിൽക്കുന്ന ഒരുപാട് ചോദ്യമുണ്ട്. ഹരിവർമ്മയെന്ന വ്യക്തി കുടുബംഗമല്ലെന്നും, രത്നനങ്ങല്‍ കുടുംബ സ്വത്തല്ലെന്നും എല്ലാ രാജകുടുംബങ്ങളും തള്ളിയതോടെ കൊല്ലപ്പെട്ടത് ആരാണെന്ന ചോദ്യം ബാക്കിയായി. വർമ്മയെകുറിച്ചുള്ള അന്വേഷണം തുടങ്ങിയപ്പോൾ ദുരൂഹത ഏറിയ ഹരിഹരവർമ്മയെന്ന പേരിനായി ഉണ്ടാക്കിയ സ്കൂള്‍ സർട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞു. പലയിടത്തും പല പേരുകളിൽ താമിച്ചിരിക്കുന്നു. ആരാണ് കൊല്ലപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. ആരും വർമ്മയെ തേടി വന്നിട്ടുമില്ല. വർമ്മയുടെ കൈവശമുണ്ടായിരുന്ന കല്ലുകൾ അമൂല്യമല്ലെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു.

ഭാഗ്യരത്നം ,അമൂല്യകല്ല് എന്നൊക്കെ പറഞ്ഞാൽ ആരെയും എളുപ്പം വീഴ്തത്തി കാശടിക്കാമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് വർമ്മകേസ്. കല്ല് മുഴുവൻ കിട്ടാൻ വില്പനക്ക് വെച്ചയാളെ കൊലപ്പെടുത്തി എന്നതാണ് ഈ കേസിന്റെ മറ്റൊരു പ്രത്യേകത. കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള ദുരൂഹത തുടരുന്ന സാഹചര്യത്തിൽ ഹരിഹരവർമ്മ കേസിലെ ചോദ്യങ്ങൾ തീരുന്നില്ല. 

 

click me!