
പാലക്കാട് : കൊല്ലങ്കോട് മാങ്ങ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ സ്വർണ നിധി തട്ടിപ്പ്. മാങ്ങാ വ്യാപാരി കബീർ സ്വർണ നിധി തരാമെന്ന് പറഞ്ഞ് 38 ലക്ഷം രൂപ വാങ്ങിയിരുന്നതായി മധുര സ്വദേശികളായ പ്രതികൾ വെളിപ്പെടുത്തി. സ്വർണ നിധിയും നൽകിയ പണവും കിട്ടാതായപ്പോൾ ഇവർ കേരളത്തിലെത്തി കബീറിനെ തട്ടികൊണ്ടു പോവുകയായിരുന്നു. മധുര സ്വദേശികളായ വിജയ്, ഗൗതം ,ശിവ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്.
മുതലമടയിലെ മാങ്ങാ കർഷകനാണ് കബീർ. കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേയാണ് തട്ടിക്കൊണ്ടുപോയത്. പ്രതികളുടെ കാർ ബൈക്കിനെ പിറകിൽ നിന്ന് ഇടിച്ചു. ഇടിയുടെ ആഘാദത്തിൽ കാലിന് പരുക്കേറ്റ കബീറിനെ ആശുപത്രിയിലേക്ക് ഉടൻ കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. സുഹൃത്തിനെ വാഹനത്തിൽ കയറ്റാതെ കാറെടുത്ത് സംഘം അതിവേഗം പാഞ്ഞു. മീനാക്ഷിപുരം വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. സംശയം തോന്നി കാറിനെ പിന്തുടർന്ന സുഹൃത്ത് മീനാക്ഷിപുരം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് വഴിയിൽ വെച്ച് കാർ തടഞ്ഞ് കബീറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കബീർ ലക്ഷങ്ങൾ കൈക്കലാക്കിയതായി അറിഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam