
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ വീട്ടിൽ കയറി വീട്ടമ്മയുടെ മുഖത്ത് മുളകുസ്പ്രേ അടിച്ച് സ്വർണമാല കവർന്നു. പന്നിയോറയിലെ ജാനകിയുടെ മൂന്ന് പവൻ മാലയാണ് അജ്ഞാതൻ കവർന്നത്. ജാനകിയുടെ മകനായ കേബിൾ ടിവി ഓപ്പറേറ്റർ ഷാജിയെ അന്വേഷിച്ച് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ ഒരാൾ വീട്ടിലെത്തി. വീട്ടിനുളളിൽ നിന്നാണ് ജാനകി സംസാരിച്ചത്.
ഷാജിയെ രണ്ട് ദിവസമായി ഫോണിൽ കിട്ടുന്നില്ലെന്ന് പറഞ്ഞ അജ്ഞാതൻ വീട്ടിനുളളിലേക്ക് കയറി ജാനകിയുടെ മുഖത്ത് മുളകുസ്പ്രേ അടിച്ചു. വീണുപോയ ജാനകിയുടെ കഴുത്തിൽ കിടന്ന സ്വർണമാലയും പൊട്ടിച്ച് ഓടി. മാലയുടെ ഒരുഭാഗം സ്ഥലത്തുണ്ട്. വെളള ഇരുചക്ര വാഹനത്തിൽ മഴക്കോട്ട് ധരിച്ചാണ് മോഷ്ടാവ് വന്നതെന്ന് നാട്ടുകാർ പറയുന്നു. കൂത്തുപറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് മോഷ്ടാവിനായി അന്വേഷണം.
തൃശൂരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍നിന്ന് യാത്രക്കാരുടെ ആറു മൊബൈല്‍ ഫോണുകളും പണവും ബാഗുകളും കവര്‍ന്നു. സേലത്തുനിന്ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയവരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
പുലര്‍ച്ചെ അഞ്ചരയോടെയാണ് 45 പേരുമായി ബസ് ഗുരുവായൂരില്‍ എത്തിയത്. കുട്ടികളടക്കമുള്ള സംഘം രാവിലെ ഏഴരയോടെ ക്ഷേത്രത്തിലേക്ക് പോയി. ബസ് ജീവനക്കാര്‍ ബസിനകത്ത് ഉറങ്ങുകയായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞവര്‍ ഒമ്പതോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ബാഗുകള്‍ തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. നഷ്ടപ്പെട്ട പണം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. കുട്ടികളുടെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മൂന്ന് ബാഗുകളാണ് നഷ്ടപ്പെട്ടത്. ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി. എസ്ഐ ഐ എസ് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam