
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്ത് നിന്നും കടത്തിയ സ്വർണ്ണം പിടികൂടി. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വർണ്ണമാണ് പൊലീസ് സംഘം പിടിച്ചത്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ്മോനെ (39) അറസ്റ്റ് ചെയ്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് 91 ലക്ഷത്തോളം രൂപ വില മതിക്കുന്ന 1.807 കിലോഗ്രാം സ്വർണം പൊലീസ് സംഘം പിടികൂടിയത്.
അതിനിടെ കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ട സംഭവവുമുണ്ടായി. കരിപ്പൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊണ്ടോട്ടി സ്വദേശിയായ പ്രതി റിയാസ് രക്ഷപ്പെട്ടത്. റിയാസിൻ്റെ രണ്ട് കൂട്ടാളികൾക്കായും അന്വേഷണം പുരോഗമിക്കുകയാണ്.
പത്മയുടെ 39 ഗ്രാം സ്വർണം പണയപ്പെടുത്തി, 1.1 ലക്ഷം കിട്ടി, ഒരു പങ്ക് ഭാര്യക്കും നൽകിയെന്ന് ഷാഫി
വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് ദിവസേനെ കൂടുകയാണ്. കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി ഇന്നലെ കോടികളുടെ സ്വർണ്ണക്കടത്താണ് ഉണ്ടായത്. നെടുമ്പാശ്ശേരിയിൽ മൂന്ന് യാത്രക്കാരിൽ നിന്നായി ഏകദേശം മൂന്ന് കിലോ 700 ഗ്രാം തൂക്കം വരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നുമെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ നിലമ്പൂർ സ്വദേശി ജലാലുദീൻ, ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന തൃശൂർ സ്വദേശി അനസ് എന്നിവരിൽ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്.
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലും വൻ സ്വർണ്ണ വേട്ട നടന്നു. രണ്ട് പേരിൽ നിന്നായി മൂന്നര കിലോഗ്രാം സ്വർണ്ണമാണ് ഡിആര്‍ഐ സംഘം പിടികൂടിയത്. വിപണിയിൽ ഒരു കോടി എഴുപത് ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം പുലർച്ചെ എത്തിയ ഖത്തർ എയർ വേസിലെ രണ്ടു യാത്രക്കാരിൽ നിന്നാണ് പിടിച്ചത്. ഇവർ കാസർഗോഡ് സ്വദേശികളാണ്. സ്വർണ്ണം മിശ്രിത്രമാക്കി ദേഹത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കടത്ത്.