നാദാപുരത്തെ വീടുകയറിയുള്ള ഗുണ്ടാ ആക്രമണം: പ്രധാന പ്രതി പിടിയില്‍

By Web TeamFirst Published Nov 25, 2021, 7:34 PM IST
Highlights

നാദാപുരത്ത് ഗുണ്ടാസംഘം വീട്ടില്‍കയറി ആക്രമണം നടത്തിയ സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. കണ്ണൂർ നാറാത്ത് സ്വദേശി ഷമീമിനെ കക്കാട് വച്ചാണ് നാദാപുരം സിഐയുടെ നേതൃത്ത്വത്തിലുള്ള സംഘം പിടികൂടിയത്.

കോഴിക്കോട്: നാദാപുരത്ത് ഗുണ്ടാസംഘം വീട്ടില്‍കയറി ആക്രമണം നടത്തിയ സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. കണ്ണൂർ നാറാത്ത് സ്വദേശി ഷമീമിനെ കക്കാട് വച്ചാണ് നാദാപുരം സിഐയുടെ നേതൃത്ത്വത്തിലുള്ള സംഘം പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.   

ചാണ്ടി ഷമീം എന്നറിയപ്പെടുന്ന ഷമീം വായത്തിന്‍റെ നേതൃത്ത്വത്തിലുള്ള എട്ടംഗ സംഘമാണ് ചൊവ്വാഴ്ച വൈകിട്ടോടെ നാദാപുരം തണ്ണീർപന്തല്‍ പാലോറ നസീറിന്‍റെ വീട്ടിലെത്തി വീട്ടുകാരെയും നാട്ടുകാരെയും ആക്രമിച്ചത്. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി നാദാപുരം സിഐയുടെ നേതൃത്ത്വത്തിലുള്ള ആറംഗ സംഘം കണ്ണൂരിലുള്‍പ്പെടെ ഊര്‍ജ്ജിത തെരച്ചില്‍ നടത്തി.  ഒളിവില്‍ കഴിയവേ പൊലീസിനെ കളിയാക്കി സമൂഹമാധ്യമങ്ങളില്‍ ഇയാൾ വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെ കക്കാട് വച്ചാണ് ഷമീം പിടിയിലായത്. 

Mofia Case: സിഐ മകളെ മനോരോഗിയെന്ന് വിളിച്ചു, മോശമായി സംസാരിച്ചു; മോഫിയയുടെ അമ്മ

പൊലീസിനെ ആക്രമിച്ചതടക്കം കണ്ണൂരില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഷമീം. ഇയാൾക്കെതിരെ കാപ്പ ചുമത്താനൊരുങ്ങുകയാണ് കണ്ണൂർ പൊലീസ്. ഇതോടെ ഈ  കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. നേരത്തെ കണ്ണൂർ സ്വദേശി സഹദ് അറസ്റ്റിലായിരുന്നു. ആറ്  പേരാണ് ഇനി പിടിയിലാകാനുള്ളത്. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. 

click me!