കൈക്കൂലി നൽകിയില്ല, മാനസിക വൈകല്യമുള്ള 14കാരിയുടെ നേരെയാക്കിയ കാൽ വീണ്ടും ഒടിച്ച് ഡോക്ടർ, കണ്ണില്ലാത്ത ക്രൂരത

Published : Jun 05, 2026, 03:47 PM IST
fractured led

Synopsis

ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുട്ടിയെ പരിശോധനയ്ക്കായി അകത്തേക്ക് വിളിക്കുകയും, പരിശോധനയ്ക്കിടയിൽ കുട്ടിയുടെ മുട്ട് ശക്തിയായി ബലപ്രയോഗത്തിലൂടെ മടക്കുകയും ചെയ്യുകയായിരുന്നു

മുസാഫർനഗർ: 14 വയസുള്ള മാനസിക വൈകല്യമുള്ള പെൺകുട്ടിയ്ക്ക് ചികിത്സ തേടിയെത്തിയ വിധവയായ അമ്മയോട് കണ്ണില്ലാത്ത ക്രൂരത. 14കാരിയെ ചികിത്സിക്കാൻ ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത് 25000 രൂപയായിരുന്നു. ഈ തുക നൽകാൻ ആവാതെ വന്നതോടെ ഡോക്ടർ 14കാരിയുടെ കാൽ വീണ്ടും ഒടിച്ചുവെന്നാണ് ആരോപണം. 14കാരിയുടെ കാലിന് ശസ്ത്രക്രിയയ്ക്കായി ആയിരുന്നു കുട്ടിയെ അമ്മ ആശുപത്രിയിൽ എത്തിച്ചത്. ഉത്തർ പ്രദേശിലെ മുസാഫർനഗറിലുള്ള ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ഗുരുതരമായ അഴിമതി, ചികിൽസാ പിഴവ് ആരോപണം ഉയർന്നിരിക്കുന്നത്. നേരത്തെ നൽകിയ 8000 രൂപയ്ക്ക് പുറമേ കൈക്കൂലി നൽകാത്തതാണ് ക്രൂരതയ്ക്ക് കാരണമെന്നാണ് ആരോപണം. ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനെ തുടർന്ന് പതിനാലുകാരിയായ പെൺകുട്ടിയുടെ കാലിലെ പരിക്ക് ഡോക്ടർ ബോധപൂർവ്വം വഷളാക്കിയെന്നാണ് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

പരാതി നൽകിയ രേഷ്മ എന്ന വിധവയായ സ്ത്രീയുടെ മകൾക്ക് ഏകദേശം ആറാഴ്ച മുമ്പ് ജില്ലാ ആശുപത്രിയിൽ വെച്ച് വലതുകാലിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം സൌജന്യമായി ചെയ്യേണ്ട ഈ ശസ്ത്രക്രിയയ്ക്കായി ആശുപത്രി ജീവനക്കാർ ഇവരോട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത്രയും തുക നൽകാൻ സാമ്പത്തികമായി ശേഷിയില്ലാതിരുന്ന രേഷ്മ, ചികിൽസയ്ക്കായി ബുദ്ധിമുട്ടുകയും തുടർന്ന് സഹായത്തിനായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കുകയും ചെയ്തു. ജില്ലാ മജിസ്ട്രേറ്റിന്റെ ഇടപെടലിനെ തുടർന്ന് കുട്ടിക്ക് സൌജന്യ ചികിൽസ ഉറപ്പാക്കാൻ ചീഫ് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. എങ്കിലും അധികാരികളുടെ ഉത്തരവ് മറികടന്നുകൊണ്ട് ആശുപത്രി ജീവനക്കാർ പണം ആവശ്യപ്പെടുന്നത് തുടരുകയും, ഒടുവിൽ 8,000 രൂപ വാങ്ങിയ ശേഷം ബാക്കി തുക പിന്നീട് നൽകിയാൽ മതിയെന്ന് അറിയിക്കുകയുമായിരുന്നു.

തുടർന്ന് ചികിൽസയ്ക്ക് ശേഷമുള്ള പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായതും തർക്കമുണ്ടായതും. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുട്ടിയെ പരിശോധനയ്ക്കായി അകത്തേക്ക് വിളിക്കുകയും, പരിശോധനയ്ക്കിടയിൽ കുട്ടിയുടെ മുട്ട് ശക്തിയായി ബലപ്രയോഗത്തിലൂടെ മടക്കുകയും ചെയ്തു എന്ന് അമ്മ ആരോപിക്കുന്നു. ഈ സമയത്ത് കുട്ടി വേദന കൊണ്ട് നിലവിളിച്ചതായും ഒടിവുണ്ടാകുന്നത് പോലുള്ള ഒരു ശബ്ദം കേട്ടതായും രേഷ്മ പറയുന്നു. ഈ സംഭവത്തിന് ശേഷം കുട്ടിയുടെ കാലിന്റെ അവസ്ഥ കൂടുതൽ മോശമായി. ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അത് അവഗണിക്കുകയാണുണ്ടായത്.

പീഡനത്തിനിരയായ 14 വയസ്സുള്ള ഈ പെൺകുട്ടിക്ക് മാനസിക അസ്വാസ്ഥ്യങ്ങൾ കൂടിയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നീതി തേടിക്കൊണ്ട് രേഷ്മ മകളെയുമൂട്ടി ജില്ലാ കളക്ടറേറ്റിൽ എത്തി ഔദ്യോഗികമായി പരാതി സമർപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവർ അധികാരികളോട് ആവശ്യപ്പെട്ടു.ഈ ആരോപണങ്ങളോട് പ്രതികരിച്ച ചീഫ് മെഡിക്കൽ ഓഫീസർ സുനിൽ തിവാരി, സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വശങ്ങളും കേൾക്കുന്നതിന് മുൻപ് ഒരു നിഗമനത്തിൽ എത്തുവാൻ സാധിക്കില്ലെന്നാണ് പ്രതികരിച്ചത്. എങ്കിലും ഈ പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും, ചികിൽസയിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ, മോശം പെരുമാറ്റമോ, അതല്ലെങ്കിൽ മെഡിക്കൽ നിയമങ്ങളുടെ ലംഘനമോ കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഉറപ്പുനൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'6 കോടി രൂപയുടെ നോട്ടുകൾ കത്തിച്ചുകളഞ്ഞു'; ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതിക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ
നാലാഞ്ചിറ ഹസീന ബീവി കൊലപാതകം: പ്രതി സുരേഷിനെ ചിദംബരത്ത് മരിച്ച നിലയിൽ കണ്ടെത്തി