
ഹരിപ്പാട്: കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ വീട്ടിൽനിന്ന് ആഭരണവും മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതിയായ ഹോം നഴ്‌സ് പിടയില്‍. മോഷമം നടന്ന് 10 മാസത്തിനുശേഷമാണ് പ്രതി പൊലീസ് പിടിയിലാകുന്നത്. മണ്ണാറശ്ശാല തുലാംപറമ്പ് നോർത്ത് ആയിശ്ശേരിൽ സാവിത്രി രാധാകൃഷ്ണനെയാണ് (48) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂണിൽ താമല്ലാക്കൽ വിനുഭവനത്തിൽ വിനുവിൻറെ വീട്ടിൽനിന്നാണ് മൂന്ന് ജോടി കമ്മൽ, രണ്ട് മോതിരം, ഒരു ലോക്കറ്റ്, മാലയുടെ ഹുക്ക്, മൊബൈൽ ഫോൺ, 3500 രൂപ എന്നിവ കളവുപോയത്.
2022 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഏഴുമാസം വിനുവിന്‍റെ വീട്ടിൽ സാവിത്രി ജോലിക്ക് നിന്നിരുന്നു. മോഷണശേഷവും മൂന്നു മാസത്തോളം ജോലിയിൽ തുടർന്നു. വിനുവിന്‍റെ രോഗിയായ അമ്മയെ കാണാൻ പലരും വന്നിരുന്നതിനാൽ മോഷ്ടാവ് ആരെന്ന് സംശയിക്കാൻ കഴിയാത്തതിനാൽ പൊലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ജനുവരി 11ന് താമല്ലാക്കലിലെ മറ്റൊരു വീട്ടിൽനിന്ന് 35,000 രൂപയും സ്വർണവും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി കിട്ടി. വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയെ സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാവിത്രിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി.
പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ ഒരുങ്ങുന്നതിനിടെ സാവിത്രി പണവും സ്വർണവും വീട്ടുകാരെ തിരികെ ഏൽപിച്ച് കേസ് കൊടുക്കരുതെന്ന് അപേക്ഷിച്ചു. തുടർന്ന് വീട്ടുകാർ പരാതി പിൻവലിച്ചു. ഈ വിവരം അറിഞ്ഞ വിനു ബുധനാഴ്ച പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ആഭരണങ്ങൾ പണയം വെച്ചതിന്‍റെ ലിസ്റ്റ് എടുത്തതാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
Read More : വീട്ടില്‍ കയറി വലിച്ചിഴച്ചു, പട്ടികകൊണ്ട് മര്‍ദ്ദനം; ഭാര്യാപിതാവിനെ കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
സാവിത്രി മറ്റ് മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ ജോലിക്ക് നിന്ന വീടുകളില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. നങ്ങ്യാർകുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സാവിത്രിയെ ഹോം നഴ്സായി അയച്ചത്. ഹരിപ്പാട് എസ്. എച്ച്. ഒ വി. എസ്. ശ്യാംകുമാർ, എസ്. ഐ ഷൈജ, എ. എസ്. ഐ നിസാർ, സി. പി. ഒമാരായ സുരേഷ്, മഞ്ജു, രേഖ, ചിത്തിര, നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Read More : 'തന്‍റെ പൂച്ചയെ മോഷ്ടിച്ചെന്ന് സംശയം'; അയല്‍വാസിയുടെ 30 പ്രാവുകളെ വിഷം കൊടുത്ത് കൊന്ന് യുവാവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam