
ടെക്സാസ്: കുതിരയ്ക്ക് ഭാരം കൂടിയെന്നാരോപിച്ച് അയൽക്കാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. നേരത്തെ കുടുംബാംഗത്തെ ആക്രമിച്ച കേസിൽ വാറന്റ് നേരിടുന്ന യുവാവാണ് അയൽവാസിയ്ക്ക് നേരെ വെടിയുതിർത്തത്. 39കാരന്റെ തോട്ടത്തിൽ യുവാവിന്റെ അനുമതിയോടെയായിരുന്നു അയൽവാസി കുതിരയെ പരിപാലിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി കുതിരയ്ക്ക് ഭാരം കൂടുന്നുവെന്നും അമിതമായി തീറ്റ നൽകുന്നത് മൂലമാണെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം യുവാവ് ആക്രമണം അഴിച്ച് വിടുകയായിരുന്നു. ടെക്സാസിലെ ലിവിംഗ്സ്റ്റണിലാണ് സംഭവം. വിൽസൺ റോഡിലെ സ്വകാര്യ വസതിയിൽ വച്ചാണ് വെടിവയ്പ് നടന്നത്.
39കാരനായ ലീ ഡേവിഡ് സ്ട്രോൾ എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. അയൽവാസിയുടെ കയ്യിലും പുറത്തും അടക്കമാണ് 39കാരൻ വെടിവച്ചത്. കുതിരയ്ക്ക് യഥാസമയത്ത് തീറ്റ നൽകിയിരുന്നതിൽ 39കാരൻ അസ്വസ്ഥനായിരുന്നുവെന്നാണ് അയൽവാസിയായ യുവതി പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. യുവതിയെ വെടിവച്ചതിന് പിന്നാലെ സമീപത്തെ വനമേഖലയിലേക്ക് ഓടിപ്പോയ 39കാരനെ ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് കണ്ടെത്തിയത്. പരിക്കേറ്റ യുവതി നിലവിൽ ചികിത്സയിൽ തുടരുകയാണ്. അറസ്റ്റിലായ 39കാരൻ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇയാളുടെ വീടും പരിസരവും പൊലീസ് സീൽ വച്ചിട്ടുണ്ട്.
നേരത്തെയും അക്രമ സംഭവങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണ് യുവാവെന്നാണ് പൊലീസ് വിശദമാക്കുന്നത്. പരിക്കേറ്റ യുവതിയെ ഗുരുതരമായ പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. മാരകായുധം വച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച കുറ്റത്തിനാണ് 39കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam