ഭാര്യയെ കബളിപ്പിച്ച് ജോയിന്റ് അക്കൗണ്ടിൽ നിന്ന് തട്ടിയത് ഒരു കോടി രൂപ; ഭർത്താവും പെൺ സുഹൃത്തും പിടിയില്‍

By Web TeamFirst Published Apr 17, 2022, 9:35 PM IST
Highlights

പ്രതി സിജു കെ ജോസിന്റെയും നഴ്സായ ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്നാണ് ഒരു കോടി ഇരുപത് ലക്ഷത്തി നാല്‍പ്പത്തിയയ്യായിരം രൂപ പെൺ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പ്രതി മാറ്റിയത്

ആലപ്പുഴ: ഭാര്യയെ കബളിപ്പിച്ച് ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയ കേസിൽ ഭർത്താവും പെൺ സുഹൃത്തും അറസ്റ്റില്‍. കോടഞ്ചേരി കാക്കനാട്ട് ഹൗസിൽ സിജു കെ ജോസും സുഹൃത്ത് കായംകുളം സ്വദേശി പ്രിയങ്കയുമാണ് പൊലീസ് പിടിയിലായത്. ഒളിവിൽ പോയ ഇരുവർക്കുമെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്രതി സിജു കെ ജോസിന്റെയും നഴ്സായ ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്നാണ് ഒരു കോടി ഇരുപത് ലക്ഷത്തി നാല്‍പ്പത്തിയയ്യായിരം രൂപ പെൺ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പ്രതി മാറ്റിയത്. ഇരുവരും ചേർന്ന് തന്നെ ചതിച്ച് തന്റെ പണം തട്ടിയെടുത്തെന്നായിരുന്നു പ്രതിയുടെ ഭാര്യ നൽകിയ പരാതി. കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതികൾ നേപ്പാളിലേക്ക് ഒളിവിൽ പോയി.

ഒടുവിൽ തിരികെ ദില്ലി എയർപോർട്ടിലെത്തിയ പ്രതികളെ ലുക്ക് ഔട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ വിഭാഗം തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് കായംകുളം പൊലീസെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ ജയ്ദേവിന്റെ നേതൃത്വത്തിൽ കായംകുളം ഡിവൈഎസ്‌പി അലക്സ് ബേബി, സിഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പൂട്ടിയിട്ടത് രണ്ട് ദിവസം, മോചിപ്പിക്കാൻ ആവശ്യപ്പെട്ടത് ഒരു ലക്ഷം

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ വിളിച്ച് വരുത്തി പൂട്ടിയിട്ട് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. അടിമലത്തുറ പുറംമ്പോക്ക് പുരയിടത്തിൽ സോണി (18) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശിയായ ഇരുപതുകാരനാണ് തട്ടിപ്പിനിരയായത്. ഒരു മൊബൈൽ ഷോപ്പിൽ തൊഴിലാളിയായിരുന്ന യുവാവ് ഷോപ്പിൽ വന്ന അടിമലത്തുറ സ്വദേശിയായ യുവതിയെ പരിചയപ്പെട്ട് നമ്പർ വാങ്ങി വാട്ട്സാപ്പിൽ സന്ദേശങ്ങൾ അയച്ചിരുന്നു. 

ഇതിനിടയിൽ ഭർത്താവുമായി പിണങ്ങിയ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഭാര്യയുടെ മൊബൈലിൽ വന്നിരുന്ന സന്ദേശം തപ്പിയെടുത്ത ഭർത്താവ് കല്ലുവെട്ടാൻ കുഴി സ്വദേശിയുമായി യുവതിയെന്ന വ്യാജേനെ ചാറ്റിംഗ് നടത്തി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു. യുവതിയുടെ സന്ദേശം സ്വീകരിച്ച് വീട്ടിൽ എത്തിയ യുവാവിനെ പ്രതികൾ രണ്ടു ദിവസം മുറിക്കുള്ളിൽ പൂട്ടിയിട്ടു. വിട്ടയക്കാനായി യുവാവിന്റെ കാറും ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു. 

അഡ്വാൻസായി പതിനായിരം രൂപ നൽകിയ യുവാവ് ബാക്കി പണം കഴക്കൂട്ടത്തുള്ള സുഹൃത്തുക്കളിൽ നിന്ന്  വാങ്ങി നൽകാമെന്ന് ഉറപ്പു നൽകി. ഇതനുസരിച്ച് യുവാവും യുവതിയുടെ ഭർത്താവും പിടിയിലായ പ്രതിയും മറ്റൊരാളുമായി കാറിൽ കഴക്കൂട്ടത്തേക്ക് തിരിച്ചു. യാത്രക്കിടയിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് സമീപം കാർ നിർത്തിയ യുവാവ് സ്റ്റേഷനി ലേക്ക് ഓടിക്കയറി. ഇതു കണ്ട പ്രതികൾ രക്ഷപ്പെട്ടു. 

യുവാവിന്റെ പരാതി സ്വീകരിച്ച വിഴിഞ്ഞം പൊലീസിന്റെ അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ ഒരാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും മറ്റ് രണ്ടു പേർക്കായുള്ള അന്വേഷണം തുടരുന്നതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.

click me!