കോർഡോബ പ്രവിശ്യയിലെ അഡാമുസിലാണ് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചത്. ഫിഷ്പ്ലേറ്റ് തെന്നി മാറിയതോടെ പാളത്തിൽ വിള്ളലുണ്ടായി എന്നാണ് സാങ്കേതിക വിദഗ്ധർ വിശദമാക്കുന്നത്.
മാഡ്രിഡ്: അതിവേഗ ട്രെയിനുകളുടെ കൂട്ടിയിടിക്ക് കാരണം ഫിഷ് പ്ലേറ്റ് തെന്നി മാറിയത്. സ്പെയിനിനെ നടുക്കിയ അപകടത്തിന് കാരണമായത് റെയിൽ പാളത്തിലെ ജോയിന്റിലെ ഫിഷ് പ്ലേറ്റുകൾ തെന്നി മാറിയ നിലയിൽ കണ്ടെത്തി. കുറച്ച് കാലമായി റെയിൽപാളത്തിൽ ഈ തകരാറുണ്ടായിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച രാത്രിയാണ് സ്പെയിനിൽ പാളം തെറ്റിയ അതിവേഗ ട്രെയിൻ സമാന്തര പാളത്തിൽ വന്ന മറ്റൊരു അതിവേഗ ട്രെയിനിലേക്ക് ഇടിച്ച് കയറിയത്.അപകടത്തിൽ മരിച്ചവരുടെ എണ്ണം 40ായിരുന്നു. അപകടത്തിൽ മാനുഷികമായ പിഴവില്ലെന്നാണ് സ്പാനിഷ് റെയിൽ ഓപ്പറേറ്റർ പ്രസിഡന്റ് നേരത്തെ പ്രതികരിച്ചത്. ആധുനിക കാലത്ത് യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അപകടങ്ങളിലൊന്നായിരുന്നു ഞായറാഴ്ചയുണ്ടായത്. മാഡ്രിഡിൽ നിന്ന് 360 കിലോമീറ്റർ അകലെയുള്ള കോർഡോബ പ്രവിശ്യയിലെ അഡാമുസിലാണ് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചത്. ഫിഷ്പ്ലേറ്റ് തെന്നി മാറിയതോടെ പാളത്തിൽ വിള്ളലുണ്ടായി എന്നാണ് സാങ്കേതിക വിദഗ്ധർ വിശദമാക്കുന്നത്. സാങ്കേതി വിദഗ്ധരുടെ കണ്ടെത്തലിനേക്കുറിച്ച് സ്പെയിനിലെ റെയിൽ ആക്സിഡന്റ് അന്വേഷണ കമ്മീഷൻ പ്രതികരിച്ചിട്ടില്ല.
ഇറ്യോ എന്ന സ്പാനിഷ് സ്വകാര്യ കമ്പനിയുടെ ട്രെയിൻ പാളത്തിലെ വിള്ളലിൽ കയറി പാളം തെറ്റി. പാളം തെറ്റിയ സമയത്ത് സമാന്തര പാളത്തിലൂടെ എത്തിയ അതിവേഗ ട്രെയിനിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാളം തെറ്റിയ ട്രെയിനിലെ മുൻ ഭാഗത്തെ കംപാർട്ട്മെന്റിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടതിലേറെയും. അപകടം നടന്ന സ്ഥലം സ്പെയിൻ പ്രധാനമന്ത്രിയും ഗാതഗത മന്ത്രിയും തിങ്കളാഴ്ച രാവിലെ സന്ദർശിച്ചിരുന്നു. പാളം തെറ്റിയ ട്രെയിനിന്റെ അറ്റകുറ്റ പണികൾ കൃത്യ സമയത്ത് നടന്നിരുന്നതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് മാസത്തിലാണ് കംപാർട്ട്മെന്റുകൾ പുതുക്കിയത്. ജനുവരി 15ന് ട്രെയിൻ നിർമ്മാതാക്കളായ ഹിറ്റാച്ചി റെയിൽ ഈ ട്രെയിനിന്റെ പതിവ് പരിശോധനകളും നടത്തിയിരുന്നു. ഇറ്റലിയിൽ അടക്കം അതിവേഗ ട്രെയിൻ സർവ്വീസിൽ ഉപയോഗിക്കുന്ന ഫ്രെസിയാറോസ 1000 എന്ന ട്രെയിനാണ് സ്പെയിനിൽ അപകടത്തിൽപ്പെട്ടത്.


