
ലഖ്നൌ: യുവതിയുടെ മൃതദേഹം തല വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി. കൈയിലെ നാല് വിരലുകളും വെട്ടിമാറ്റിയ നിലയിലായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം.
35 - 40 വയസ്സ് പ്രായമുള്ള സ്ത്രീയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. യുവതിയുടെ തലമുടി വെട്ടിമാറ്റിയിരുന്നു. പല്ലുകള്‍ തല്ലിക്കൊഴിച്ച നിലയിലായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാതിരിക്കാനാണ് കൊലയാളികള്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് അങ്കുർ അഗർവാൾ പറഞ്ഞു.
കൊലപാതകത്തിൽ യുവതിയുടെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പൊലീസിന് സംശയം തോന്നി. മധ്യപ്രദേശിലെ ഛത്തർപൂർ സ്വദേശിയായ മായാദേവിയുടേതാണ് മൃതദേഹം. രാംകുമാർ അഹിർവാര്‍ എന്നയാളാണ് മായാദേവിയുടെ ഭര്‍ത്താവ്.
രാംകുമാറിനെയും മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവൻ ഉദയ്ഭൻ എന്നിവരെയും ചോദ്യംചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചു. മായാദേവി തന്റെ രണ്ടാം ഭാര്യയാണെന്ന് രാംകുമാര്‍ പറഞ്ഞു. തന്റെ ആദ്യ വിവാഹത്തിലെ മക്കളിലൊരാളുമായി മായാദേവിക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് രാംകുമാര്‍ കുറ്റസമ്മതം നടത്തിയെന്ന് എസ്പി അഗര്‍വാള്‍ പറഞ്ഞു.
നാല് പ്രതികളും കൂടി മായാദേവിയെ ചമ്രഹ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മഴു കൊണ്ട് തല വെട്ടിമാറ്റി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും മഴുവും പൊലീസ് കണ്ടെടുത്തതായി എസ്പി പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ കേസ് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞു. കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്പി അങ്കുർ അഗർവാൾ പറഞ്ഞു. ഇത്ര വേഗത്തില്‍ പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിന് താന്‍ 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് എസ്പി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam