
കോഴിക്കോട്: വീട്ടിൽ വാറ്റ് ചാരായ വിൽപ്പന നടത്തിയ ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ കട്ടിപ്പാറ ചമൽ ഭാഗത്ത് നടത്തിയ വ്യാപകമായ പരിശോധനയിലാണ് വീട്ടിൽ വച്ച് ചാരായം വില്പന നടത്തിയതിന് വിരിപ്പിൽ മാളശ്ശേരി ലക്ഷംവീട് കോളനിയിൽ ബാബുവിനെ(52) അറസ്റ്റ് ചെയ്തത്.
ഏഴ് ലിറ്റർ ചാരായമാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ഐ.ബി. പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ, പ്രബിത്ത്‌ലാൽ, പ്രസാദ്. കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അഭിഷ എന്നിവർ പങ്കെടുത്തു.
കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിലായി വില്പനക്കായി സൂക്ഷിച്ച ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗൺ ഷുഗറുമായി മൂന്നു പേർ അറസ്റ്റിലായ വാർത്തയും പുറത്തുവന്നു. അടിവാരം മേലെ കനലാട് തെക്കേക്കര ഷാജി വർഗ്ഗീസ് (54), കായലം ഭൂതനം കോളനി കോഴിയോട്ട് ചാലിൽ അബ്ദുൾ സമദ് എന്ന കിളി സമദ് (35), ഒളവണ്ണ മണിയാൽ പറമ്പ് അബ്ദുൾ ഷാഹിർ എന്ന സായി എന്നിവരെയാണ്
കോഴിക്കോട് ആന്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ടൗൺ സബ് ഇൻസ്‌പെക്‌ടർ സുബാഷിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.
ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട്ടേക്ക് ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി ഷാജി വർഗീസിനെ കോട്ടാംപറമ്പ് വെച്ചും അബ്ദുൽ സമദിനെ കുറ്റിക്കാട്ടൂർ വെച്ച് അര കിലോ കഞ്ചാവുമായും ഒരു ഗ്രാം ബ്രൗൺ ഷുഗറുമായി സി.എച്ച് ഫ്ലൈ ഓവർ ന് സമീപം വെച്ചുമാണ് പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam