
ഇടുക്കി: ലഹരി ഉപയോഗത്തെ ചൊല്ലിയുളള തർക്കത്തിനിടെ ഇടുക്കിയിൽ അച്ഛൻ മകനെ അടിച്ചുകൊന്നു. മാങ്കുളത്തിന് സമീപം ആനക്കുളത്താണ് സംഭവം. തലയ്ക്കടിയേറ്റ ജസ്റ്റിൻ ജോയ് ആണ് മരിച്ചത്. കൃത്യത്തിന് ശേഷം വിഷം കഴിച്ച പിതാവിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കുന്നയാളാണ് ജസ്റ്റിൻ ജോയ് എന്ന് മൂന്നാർ പൊലീസ് അറിയിച്ചു. മാങ്കുളം ആനക്കുളത്തെ ഉടുമ്പക്കൽ ജോയ് ആണ് ലഹരിക്കടിമായ മകനെ പെട്ടെന്നുളള പ്രകോപനത്തിൽ തലയ്ക്കടിച്ചത്. രാവിലെ മുതൽ മദ്യപിച്ച് ജസ്റ്റിൻ വീട്ടുകാരുമായി വഴക്കിലായിരുന്നു.
ഇതിനിടെ, ജോയിയെ ആക്രമിക്കാനെത്തി. ജസ്റ്റിൻ്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുവടി പിടിച്ചുവാങ്ങി ജോയ് തിരിച്ചടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തലയ്ക്കുൾപ്പെടെ മർദ്ദനമേറ്റ ജസ്റ്റിൻ രക്തം വാർന്ന് മരിച്ചു. വിവരമറിഞ്ഞ് കസ്റ്റിയിലെടുക്കാനെത്തിയ മാങ്കുളം ഔട്ട് പോസ്റ്റിലെ പൊലീസുകാരോട് വീര്യം കൂടിയ കീടനാശിനി കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയെന്ന് ജോയ് വെളിപ്പെടുത്തുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോയിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ലഹരിക്കടിമയായ ജസ്റ്റിനെ വിമുക്തി കേന്ദത്തിലെത്തിച്ച് ചികിത്സ നൽകാൻ കുടുംബം തയ്യാറെടുക്കുകയായിരുന്നും എന്നാണ് വിവരം. ജസ്റ്റിൻ സ്ഥിരമായി വഴക്കുണ്ടാക്കി ദേഹോപദ്രവമേൽപ്പിക്കുന്നെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ നേരത്തെ പരാതിനൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി പൊലീസ് ജസ്റ്റിനെ വിളിപ്പിച്ചതാണ് പ്രകോപനത്തിനുളള കാരമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam