ശുദ്ധീകരണം നടത്തിയ സംഘടനക്കും, ഭാരവാഹികൾക്കുമെതിരെയാണ് പരാതി നൽകിയിരുന്നത്.
ഹൽദ്വാനി: മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു. അജ്ഞാതരായ 8 പേർക്കെതിരെയാണ് കേസ്. അഭിഭാഷകയുടെ പരാതിയിലാണ് കേസ്. ശുദ്ധീകരണം നടത്തിയ സംഘടനക്കും, ഭാരവാഹികൾക്കുമെതിരെയാണ് പരാതി നൽകിയിരുന്നത്. സംഭവത്തിൽ അന്വേഷണം ഊര്‍ജ്ജിതമല്ലെന്നും അടിയന്തര ഇടപെടല്‍ വേണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് ദളിത് എം പിമാർ മിന്നൽ പ്രതിഷേധം നടത്തിയിരുന്നു. കേസ് എടുത്ത വിവരം അറിയിച്ചതോടെയാണ് എംപിമാർ പ്രതിഷേധം അവസാനിപ്പിച്ചത്. എംപിമാരുടെ പരാതിയിൽ ഡൽഹിയിൽ സിറോ എഫ്ഐആർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. ശ്രീരാം സേന എന്ന തീവ്ര ഹിന്ദു നിലപാടുള്ള സംഘടനയാണ് ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധീകരണം നടത്തിയത്. സാംസ്ക്കാരിക, ആധ്യാത്മിക പരിപാടികള്‍ക്കേ വേദി ഉപയോഗിക്കാറുള്ളൂവെന്നും, രാഷ്ട്രീയ പരിപാടി നടത്തിയതുകൊണ്ടാണ് ശുദ്ധീകരിച്ചതെന്നുമാണ് സംഘടനയുടെ നിലപാട്. കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് മടങ്ങിയതിന് ശേഷം ബി ജെ പി - സംഘപരിവാർ പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നാണ് ഖര്‍ഗെ പരാതിപ്പെട്ടത്. ദളിതനായതുകൊണ്ടാണ് വിവേചനം നേരിട്ടതെന്നും, രാജ്യത്ത് തൊട്ടു കൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഖര്‍ഗെ ആരോപിച്ചിരുന്നു.


