
കോട്ടയം: കോട്ടയത്ത് വയോവൃദ്ധനെ വീട് കയറി വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടയെ പിടികൂടാനാകാതെ പൊലീസ്. കഴിഞ്ഞ പതിനാറിനാണ് നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ലോജി കുടമാളൂർ സ്വദേശിയായ കെകെ കുട്ടപ്പനെ ആക്രമിച്ചത്. കുട്ടപ്പന്‍റെ മകനും ലോജിയുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
84 കാരനാണ് ഗുണ്ടയുടെ വെട്ടേറ്റ കുട്ടപ്പൻ. കുട്ടപ്പന്‍റെ മകനും ഗുണ്ടയായ ലോജിയും തമ്മിൽ പതിനഞ്ചാം തീയതി കുടമാളൂർ ക്ഷേത്രത്തിൽ വച്ച് ഏറ്റുമുട്ടി. ഗരുഢതൂക്കത്തിനിടെ പരസ്പരം സ്പർശിച്ചെന്ന പേരിൽ തുടങ്ങിയ തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ മദ്യലഹരിയിലായിരുന്ന ലോജിക്ക് പരിക്കേറ്റു. ഇതിന് പക വീട്ടാനാണ് ഗുണ്ട കത്തിയുമായി കുട്ടപ്പന്‍റെ വീട്ടിലെത്തിയത്.
ഈ സമയം മകൻ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് വയോധികനെ നേരെ തിരിഞ്ഞ ലോജി ഇയാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷമാണ് തങ്ങളെ അറിയിച്ചതെന്നാണ് വെസ്റ്റ് പോലീസ് പറയുന്നത്.
ഇത് ലോജി സുരക്ഷിത സ്ഥലത്തേക്ക് മാറാൻ കാരണമായി. മാത്രമല്ല, ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് കാരണം ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു. പരിക്കേറ്റ കുട്ടപ്പൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ലോജി റിമാൻഡിൽ ആയിരുന്നു. നിരവധി കൊട്ടേഷൻ കേസുകളും, ലഹരി കടത്ത് കേസുകളും ലോജിക്കെതിരെ ഉണ്ട്. മാനസിക പ്രശ്നമുള്ളയാളാണ് ലോജിയെന്നും പൊലീസ് പറയുന്നു. കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വിശദീകരണം.
നേമത്ത് കിടപ്പുരോഗി മരിച്ച നിലയിൽ, ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: നേമത്ത് കിടപ്പുരോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോടി സ്വദേശിനി ഗിരിജയാണ് മരിച്ചത്. ഇതേ വീട്ടിൽ വൈദ്യുതാഘാതമേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് സദാശിവൻ നായരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കെ.എസ്.ഇ.ബി റിട്ടയേഡ് ചീഫ് എഞ്ചിനിയർ സദാശിവൻ നായർക്കും ഭാര്യ ഗിരിജയ്ക്കും രണ്ടു മക്കളുണ്ട്. മക്കൾ കുടുംബവുമായി മാറിത്താമസിക്കുന്നതിനാൽ ഇരുവരും ഒറ്റയ്ക്കായിരുന്നു. കിടപ്പുരോഗിയായിരുന്നു ഭാര്യ ഗിരിജയെ പരിചരിക്കുന്നതടക്കം എല്ലാം ചെയ്തിരുന്നത് സദാശിവൻ നായരായിരുന്നു. ഉച്ചയ്ക്ക് മകനെത്തിയപ്പോഴാണ് ഗിരിജയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ സദാശിവൻ നായരെ കുളിമുറിയിൽ ഹീറ്ററിൽ നിന്നുള്ള വയറെടുത്ത് വൈദ്യുതാഘാതമേൽപ്പിച്ച നിലയിൽ കണ്ടെത്തി. വൈദ്യുതാഘതാമേറ്റ് ഇയാളുടെ കൈവിരലുകൾ കരിഞ്ഞുപോയിരുന്നു. കെഞരമ്പും മുറിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴും ഇദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
ദുരന്തം നടന്ന വീട്ടിൽ നിന്നും ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വാർധക്യത്തിലെ ഒറ്റപ്പെടലാകാം സദാശിവൻ നായരെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം. മരണത്തിന് വേറെയാരും ഉത്തരവാദികളല്ലെന്നും കുറിപ്പിലുള്ളതായാണ് സൂചന. മരണാനന്തര കർമ്മങ്ങൾക്കുള്ള പണം മാറ്റിവെച്ചിട്ടുള്ളതായും കുറിപ്പിലുണ്ടെന്ന് പറയപ്പെടുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam