
ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് മുസ്ലിം യുവാക്കളെ ൊരു സംഘം ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് പരാതി. ഇരുവരും പശുക്കളെ കശാപ്പുചെയ്യുന്നവരാണെന്ന് ആരോപിച്ചുവെന്നും മതത്തിന്‍റെ പേരില്‍ അതിക്ഷേപിച്ചുവെന്നും ഇവര്‍ പറയുന്നു. ആറ് പേരടങ്ങുന്ന സംഘം രണ്ട് പേരെയും ആക്രമിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വേദനകൊണ്ട് പുളയുന്ന ഇരുവരും ദയയ്ക്ക് അപേക്ഷിക്കുമ്പോഴും ഇവരെ സംഘം മര്‍ദ്ദിക്കുകയായിരുന്നു.
അക്രമികളിലൊരാള്‍ മറ്റൊരാളുടെ കയ്യില്‍ നിന്ന് ലാത്തി പിടിച്ചുവാങ്ങി ഇവരെ തല്ലുന്നുമുണ്ട്. ആരാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. ഇരുവരെയും മര്‍ദ്ദിക്കുന്നത് തൊട്ടടുത്ത് മോട്ടോര്‍സൈക്കിളില്‍ ഇരിക്കുന്നവര്‍ നോക്കുന്നുണ്ട്. എന്നാല്‍ ആളുകളെ പിടിച്ചുമാറ്റാനോ മുസ്ലീം യുവാക്കളെ രക്ഷിക്കാനോ ഇവര്‍ മുതിരുന്നില്ല.
''ഞങ്ങള്‍ രണ്ട് പേരും ക്യാരറ്റ് വാങ്ങാനായി മാര്‍ക്കറ്റിലേക്ക് പോയതായിരുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ കടക്കാരനോട് ചോദിക്കാം. അവര്‍ (അക്രമികള്‍) ഞങ്ങളുടെ മുന്നില്‍ വണ്ടി നിര്‍ത്തി. അവര്‍ ഞങ്ങളെ വലിച്ചുകൊണ്ടുപോയി. അവര്‍ ആറേഴ് പേര്‍ ഉണ്ടായിരുന്നു. 'ഇത് ദില്ലിയാണെന്ന് കരുതിയോ ?' എന്ന് ചോദിച്ച് അവര്‍ ഞങ്ങളെ മര്‍ദ്ദിച്ചു'' - മര്‍ദ്ദനമേറ്റവരിലൊരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തങ്ങളെ വലിച്ചുകൊണ്ടുപോയ സ്ഥലത്ത് ചെയിനുകളും ആയുധകളുമായി ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നുവെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. സംഭവത്തില്‍ ബുലന്ദ്ഷഹര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് കാരണമൊന്നും റിപ്പോര്‍ട്ടില്‍ എഴുതിയിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam