മറ്റൊരാളുമായി ബന്ധം, ജയ്പുരിലെ 'ലേഡി ഡോൺ' മിന്റു ചൗധരിയെ കൊന്നത് ഭർത്താവും മകനും ചേർന്ന്; ഒന്നരവർഷം എല്ലാം രഹസ്യം, മൃതദേഹം കിണറ്റിൽ

Published : Sep 26, 2026, 11:18 AM IST
jaipur lady don murder

Synopsis

2025 മേയ് 25-നാണ് ലാൽറാമും മകൻ ഹരിഓമും ചേർന്ന് മിന്റുവിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് മിന്റുവിന്റെ ഓട്ടോറിക്ഷയിൽ കയറ്റി. പിന്നീട് വീട്ടിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞസ്ഥലത്തെ കിണറ്റിൽ ഉപേക്ഷിച്ചു.

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ കിണറ്റിൽനിന്ന് കണ്ടെത്തിയ ജീർണിച്ച മൃതദേഹം ഒന്നരവർഷം മുമ്പ് കാണാതായ യുവതിയുടേതെന്ന് സ്ഥിരീകരിച്ചു. ജയ്പുരിലെ ലേഡി ഡോൺ എന്നറിയപ്പെടുന്ന മിന്റു ചൗധരിയുടെ മൃതദേഹമാണ് സെപ്റ്റംബർ 23-ന് അഴുകിയനിലയിൽ കിണറ്റിൽനിന്ന് കണ്ടെത്തിയത്. 11-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ മിന്റുവിനെ ഭർത്താവും മകനും ചേർന്നാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്തു.

2025 മെയ് മാസത്തിലാണ് ഭർത്താവ് ലാൽറാമും മകൻ ഹരിഓമും ചേർന്ന് മിന്റുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം വീട്ടിൽനിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള കിണറ്റിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഏഴുമാസത്തിന് ശേഷം മിന്റുവിനെ കാണാനില്ലെന്ന് ഇളയമകൻ പൊലീസിൽ പരാതി നൽകി. ഇതേസമയം, മിന്റു തിഹാർ ജയിലിലാണെന്നും സ്ഥലത്തുനിന്ന് മാറിനിൽക്കുകയാണെന്നുമാണ് ഇവർ ബന്ധുക്കളോട് പറഞ്ഞിരുന്നത്. അതിനാൽ തന്നെ മിന്റു മറ്റെവിടെയോ കഴിയുന്നുണ്ടെന്നാണ് ബന്ധുക്കളും കരുതിയത്. എന്നാൽ, സെപ്റ്റംബർ 23-ന് പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തിയതോടെ കൊലപാതകവിവരവും പുറത്തറിയുകയായിരുന്നു.

അഴുകിയനിലയിൽ മൃതദേഹം...

തിരിച്ചറിയാൻ പോലും കഴിയാത്തരീതിയിൽ അഴുകിയനിലയിലാണ് കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. സിവിൽ ഡിഫൻസ് ടീമിന്റെ സഹായത്തോടെയാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. എന്നാൽ, മൃതദേഹം തിരിച്ചറിയുകയെന്നത് പൊലീസിന് വെല്ലുവിളിയായി. ഇതിനിടെയാണ് കാണാതായ മിന്റുവിന്റെ ബന്ധുക്കളും മൃതദേഹം കാണാനെത്തിയത്. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ കണ്ടാണ് ഇവർ മിന്റുവിനെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിലുണ്ടായിരുന്ന ഷർട്ടും പൈജാമയും മിന്റുവിന്റേതാണെന്ന് ബന്ധുക്കളും പൊലീസും സ്ഥിരീകരിച്ചു.

പൊലീസ് അന്വേഷണം...

മൃതദേഹം കണ്ടെത്തിയതോടെ മിന്റുവിന്റെ തിരോധനത്തിൽ വഴിത്തിരിവായി. സംഭവം കൊലപാതകമാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മിന്റുവിന്റെ ഭർത്താവ് ലാൽറാമിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു.

2025 മേയ് 25-നാണ് ലാൽറാമും മകൻ ഹരിഓമും ചേർന്ന് മിന്റുവിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് മിന്റുവിന്റെ ഓട്ടോറിക്ഷയിൽ കയറ്റി. പിന്നീട് വീട്ടിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞസ്ഥലത്തെ കിണറ്റിൽ ഉപേക്ഷിച്ചു.

കുടുംബപ്രശ്നങ്ങളും മിന്റുവിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. മിന്റുവും ലാൽറാമും തമ്മിൽ ഏറെനാളായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ഇരുവരും രണ്ടിടങ്ങളിലായിരുന്നു താമസം. ലാൽറാമും മൂത്തമകനും ഒരുവീട്ടിലും മിന്റുവും ഇളയമകനും മറ്റൊരു വീട്ടിലുമാണ് കഴിഞ്ഞിരുന്നത്. മിന്റുവിന്റെ കൊലപാതകത്തിന് പിന്നാലെ ഇളയമകനും ലാൽറാമിനൊപ്പം താമസമായി. തുടർന്നാണ് മാസങ്ങൾക്ക് ശേഷം അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മകൻ പൊലീസിൽ പരാതി നൽകിയത്.

പിതാവ് ലാൽറാമിനൊപ്പം എത്തിയാണ് ഹരിഓം പൊലീസിൽ പരാതി നൽകിയിരുന്നത്. തുടർന്ന് പൊലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, മിന്റു തിഹാൽ ജയിലിലാണെന്നാണ് ലാൽറാമും മകനും ബന്ധുക്കളോട് പറഞ്ഞത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ ബന്ധുക്കൾക്കും ഇതിൽ സംശയമൊന്നും തോന്നിയില്ല. ഇത്തരത്തിൽ ഒന്നരവർഷത്തോളം കൊലപാതകവിവരം രഹസ്യമാക്കിവെയ്ക്കാൻ പ്രതികൾക്കായി. എന്നാൽ, സെപ്റ്റംബർ 23-ന് കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തിയതോടെ പ്രതികളും കുടുങ്ങുകയായിരുന്നു.

ആരാണ് ജയ്പുരിലെ ലേഡി ഡോൺ മിന്റു ചൗധരി?

ജയ്പുരിലെ ലേഡി ഡോൺ എന്നറിയപ്പെടുന്ന മിന്റു ചൗധരിയുടെ യഥാർഥ പേര് സീമ ചൗധരി എന്നാണ്. മിന്റുവിന്റെ കുട്ടിക്കാലത്ത് തന്നെ അമ്മ മരണപ്പെട്ടു. ഇതോടെ പിതാവ് മിന്റുവുമായി ജയ്പുരിലെത്തി. കൂലിപ്പണിക്കാരനായ പിതാവ് ജോലിക്കായി പലപ്പോഴും വീട്ടിൽനിന്ന് ദൂരസ്ഥലങ്ങളിലേക്ക് പോയി. ഈ സമയത്താണ് കൗമാരക്കാരിയായ മിന്റു മോശം കൂട്ടുകെട്ടുകളിൽപ്പെട്ടത്. തുടർന്ന് 15-ാം വയസ്സിൽ ഓട്ടോ ഓടിക്കാൻ തുടങ്ങിയ മിന്റു വൈകാതെ ജയ്പുരിലെ ക്രിമിനൽസംഘങ്ങൾക്കിടയിലും സജീവമായി.

ആൺകുട്ടികളെപ്പോലെ വസ്ത്രം ധരിച്ചും മുടി വെട്ടിയൊതുക്കിയുമാണ് മിന്റു ജയ്പുരിലെ ക്രിമിനൽസംഘങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. 2009-ൽ ആദ്യ ക്രിമിനൽ കേസിൽ പ്രതിയായി. പിന്നീട് കവർച്ചയും ഭീഷണിപ്പെടുത്തലും ആക്രമണങ്ങളും ഉൾപ്പെടെ ഒട്ടേറെ കേസുകൾ മിന്റുവിന്റെ പേരിൽ രജിസ്റ്റർ ചെയ്തു. 2010 മുതൽ 2015 വരെയുള്ള കാലയളവിലാണ് മിന്റു ജയ്പുരിലെ ലേഡി ഡോൺ ആയി കുപ്രസിദ്ധി നേടിയത്. അതേസമയം, ലാൽറാമിനെ വിവാഹം കഴിച്ചെങ്കിലും ഏതാനുംവർഷങ്ങൾക്കുള്ളിൽ ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങളുണ്ടായി. തുടർന്ന് ഭർത്താവിൽനിന്ന് അകന്ന് മറ്റൊരിടത്തായിരുന്നു മിന്റുവിന്റെ താമസം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടുരിൽ ദളിത് യുവാവിന്റെ ജനനേന്ദ്രിയ തകർത്ത പൊലീസ് മർദ്ദനം, കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി
വടകര എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു