അടിമാലിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മാറ് മുറിച്ചെടുത്ത കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി അടിമാലി സ്വദേശി സെലീനയാണ് കൊല്ലപ്പെട്ടത്.
ഇടുക്കി: അടിമാലിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം മാറ് മുറിച്ചെടുത്ത കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി അടിമാലി സ്വദേശി സെലീനയാണ് കൊല്ലപ്പെട്ടത്. തൊടുപുഴ വണ്ടമറ്റം സ്വദേശി ഗിരോഷിനെയാണ് തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ കോടതി ശിക്ഷിച്ചത്
2017 ഒക്ടോബർ 10 നാണ് അടിമാലി ഇരുമ്പുപാലം ചാരുവിള പുത്തൻവീട്ടിൽ, സിയാദിൻ്റെ ഭാര്യ സെലീനയെ തൊടുപുഴ, വണ്ടമറ്റം, പടികുഴയിൽ ഗിരോഷ് കൊലപ്പെടുത്തിയത്. 2015 ൽ പ്രതിയും പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുമായുള്ള അടുപ്പം മനസിലാക്കിയ സെലീന വിഷയത്തിൽ ഇപെടുകയും നിർബന്ധപൂർവ്വം ഇരുവരുടേയും വിവാഹം നടത്തിപ്പിക്കുകയും ചെയ്തു. കൂടാതെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പ്രതിയുടെ പേരിൽ എടുത്ത വായ്പ്പാതുക തിരിച്ചടയ്ക്കാതെ കുടിശിക വരുത്തിയതു മൂലമുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണമായത്.
ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഗിരോഷിൻറെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കിട്ടാനുള്ള പണം ആവശ്യപ്പെട്ട് സെലിനയെ സമിപിച്ചു. സെലീന പണം തിരികെ നൽകാതെ വന്നതോടെ കൊല്ലപ്പെടുത്താൻ ഗിരോഷ് തീരുമാനിച്ചു. സംഭവ ദിവസം ഉച്ചയോടെ ബൈക്കിൽ സെലീനയുടെ വീട്ടിലെത്തിയ ഗിരോഷ് കയ്യിൽ കരുതിയിരുന്ന കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തിൽ പല തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് ബൈക്കിൽ മടങ്ങിയ പ്രതി വീണ്ടും മൂന്നുമണിയോടെ തിരികെയെത്തി സെലിനയുടെ ഇടത് മാറിടം മുറിച്ച് ബാഗിലാക്കി സ്വന്തം വീട്ടിലേയ്ക്ക് പോയി.
മത്സ്യവ്യാപാരിയായ സെലീനയുടെ ഭത്താവ് സിയാദ് രാത്രി വീട്ടിൽ എത്തിയപ്പോഴാണ് വീടിൻറെ പിൻഭാഗത്ത് സെലീനയുടെ മൃതദേഹം കണ്ടത്. സെലിനയുടെ വീട്ടിൽ നിന്നും അൽപം മാറിയുള്ള സ്ഥാപനത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ ഗിരോഷ് സംഭവ ദിവസം രണ്ട് തവണ സെലീനയുടെ വീട്ടിൽ ബൈക്കിൽ വന്നുപോകുന്നതായി മനസിലായി. തുടർന്ന് പടിഞ്ഞാറേകോടികുളം ഭാഗവത്ത് വച്ച് ഗിരോഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്നും സെലിനയുടെ മുറിച്ചു മാറ്റിയ ഇടതുമാറും അതിനുപയോഗിച്ച കത്തിയും, കൂടാതെ സ്വർണ്ണം എന്നു കരുതി മൃതദ്ദേഹത്തിൽനിന്നും മോഷ്ടിച്ച സെലീനയുടെ മാലയും മറ്റും പൊലീസ് കണ്ടെടുത്തു. അടിമാലി സിഐ ആയിരുന്ന പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.














