
മുംബൈ: സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ നിക്ഷേപകരിൽ നിന്നും ഹോൾസെയിൽ സ്വർണ കച്ചവടക്കാരിൽ നിന്നും കോടികൾ തട്ടിയെടുത്ത് മുങ്ങിയ എസ് കുമാർ ജ്വല്ലേഴ്സ് ഉടമ ശ്രീകുമാർ പിള്ള അറസ്റ്റിൽ. മുംബൈ എൽടി മാർഗ് പൊലീസാണ് അറസ്റ്റ് ശ്രീകുമാർ പിള്ളയെ അറസ്റ്റ് ചെയ്തത്. ബിഎംഡബ്ല്യു കാറും 2.9 കോടി രൂപയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. സ്വർണ നിക്ഷേപ പദ്ധതിയിൽ വൻ തുക പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 4.22 കോടി രൂപ തട്ടിയെടുത്തെന്ന് കാട്ടി താനെയിലെ 11 ഹോൾസെയിൽ സ്വർണ, ഡയമണ്ട് കച്ചവടക്കാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. മെട്രോപൊളിറ്റൻ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിൽ കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു.
ഹോൾസെയിൽ സ്വർണ ആഭരണ നിർമാതാക്കളാണ് പിള്ളയുടെ തട്ടിപ്പിന്നിരയായത്. സ്വർണക്കട നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് ഹോൾസെയിൽ നിർമാതാക്കളിൽ നിന്ന് സ്വർണം തട്ടിയെടുക്കുന്നതായിരുന്നു ശ്രീകുമാർ പിള്ളയുടെ രീതി. ആദ്യം കൃത്യമായി പണം നൽകി കച്ചവടക്കാരുടെ വിശ്വാസ്യത നേടും. തുടർന്ന് വൻ തുകയ്ക്കുള്ള സ്വർണം വാങ്ങി പണം നൽകാതെ മുങ്ങും. മുംബൈ സാവേരി ബസാറിൽ മാത്രം പിള്ളയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേരാണ്.
ശ്രീകുമാർ പിള്ളയെ പിടികൂടിയ കെട്ടിടത്തിന് സമീപമാണ് ആഡംബര കാർ നിർത്തിയിട്ടിരുന്നത്. പിടികൂടുന്ന സമയത്ത് കാറിന്റെ കീ ഒളിപ്പിക്കാൻ പിള്ള ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് കീ കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ നിന്ന് ബാഗുകളിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്. പമം അഞ്ചാറു മാസമായി തന്റെ കൈവശം ഉള്ളതാണെന്ന് ചോദ്യം ചെയ്യലിൽ പിള്ള വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.
നിക്ഷേപ തട്ടിപ്പ് നടത്തി പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തെന്ന പരാതിയും ശ്രീകുമാർ പിള്ളക്കെതിരായി ഉണ്ട്. സ്ഥിരം നിക്ഷേപങ്ങൾക്ക് 16 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 500 രൂപ മുതലുള്ള മാസ ചിട്ടി അടക്കം മൂന്ന് നിക്ഷേപ പദ്ധതികളാണ് എസ് കുമാറിന് ഉണ്ടായിരുന്നത്. ഒരു ലക്ഷത്തിന് മുകളിൽ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുക 16 ശതമാനം പലിശയാണ്. 5 വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഇരട്ടി തുക നൽകുമെന്നായിരുന്നു വാഗ്ദാനം. ബാങ്കുകളിലടക്കം ഒരിടത്തും കിട്ടാത്ത വൻ പലിശ കണ്ട് പണം നിക്ഷേപിച്ചവരിൽ മലയാളികളും മഹാരാഷ്ട്രക്കാരുമുണ്ട്. ഒരു ലക്ഷം മുതൽ 60 ലക്ഷം വരെ നിക്ഷേപിച്ചവരാണ് പലരും. നൂറ് കോടിക്ക് മുകളിൽ പണം പറ്റിച്ചെന്നാണ് നിക്ഷേപകരുടെ ആരോപണം.
നൂറ് കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്: മലയാളി ജ്വല്ലറി ഉടമയെ കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ്
കഴിഞ്ഞ ഓഗസ്റ്റിൽ ജ്വല്ലറി പൂട്ടി. പണം തിരികെ ചോദിച്ച് വന്നവരോട് എല്ലാവരുടേയും പണം തരുമെന്നും ഫണ്ട് റെഡിയാക്കാൻ കുറച്ച് സമയം വേണമെന്നുമായിരുന്നു ശ്രീകുമാറിന്റെ മറുപടി. പലവട്ടം ഇതാവർത്തിച്ചു. ഇതിനിടെ ആത്മഹത്യാഭീഷണിയും മുഴക്കി. പണം കിട്ടാതായതോടെ നിക്ഷേപകർ പൊലീസിൽ പരാതി നൽകി. മഹാരാഷ്ട്ര പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നതിനിടെയാണ് ശ്രീകുമാർ പിള്ള കുടുങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam