
വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണക്കടത്തിന് വിദേശമദ്യമായ ജോണി വാക്കര്‍ ബ്ലാക്ക് ലേബലും. ഇന്ന് രാവിലെയാണ് ബ്ലാക്ക് ലേബല്‍ ബോട്ടില്‍ ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്ത് കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനാണ് മദ്യത്തിന്റെ കുപ്പിയോട് ചേർത്ത് 591 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.23 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
ഏതാനും ദിവങ്ങള്‍ക്ക് മുന്‍പാണ് കാൽപ്പാദങ്ങളോട് ചേർത്ത് ഒട്ടിച്ചു കൊണ്ടുവന്ന 78 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ദിൽഷാദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1,762 ഗ്രാം സ്വർണമാണ് പേസ്റ്റ് രൂപത്തിലാക്കി കാൽപ്പാദത്തോട് ചേർത്ത് ഒട്ടിച്ചിരുന്നത്. ഓരോ പ്രാവശ്യവും സ്വര്‍ണം കടത്താനായി പുതുരീതികളാണ് അവലംബിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ തോര്‍ത്തുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ തൃശ്ശൂര്‍ സ്വദേശി ഫഹദ് ആണ് സ്വര്‍ണം കടത്താൻ പുതിയ രീതി പ്രയോഗിച്ചത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്ത ശേഷം പായ്ക്ക് ചെയ്താണ് ഇയാള്‍ കൊണ്ടുവന്നത്. കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ കൂടുതല്‍ തോര്‍ത്തുകള്‍ കണ്ടെത്തുകയായിരുന്നു.
ഒക്ടോബര്‍ ആദ്യ വാരത്തില്‍ നാല് യാത്രക്കാരിൽ നിന്ന് വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് പൊടി രൂപത്തിലും പേസ്റ്റ് രൂപത്തിലും സ്വർണം കടത്തിയത്. പൊടി രൂപത്തിൽ സ്വർണം കടത്തുന്നത് പുതിയ രീതിയാണ്. 200 ഗ്രാമാണ് ഇത്തരത്തിൽ പൊടി രൂപത്തിലാക്കി കടത്തിയത്. ഇതൊരു പരീക്ഷണമായിരുന്നോയെന്ന് സംശയിക്കുന്നുണ്ട്. ഇത്തരത്തിൽ സ്വർണം കടത്തുമ്പോൾ വിമാനത്താവളത്തിൽ പിടിക്കപ്പെടുമോയെന്ന് കണ്ടെത്താനാവും കുറഞ്ഞ അളവിൽ സ്വർണം പൊടിയാക്കി കടത്തിയതെന്നാണ് നിഗമനം. 400 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കിയും കടത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam