Latest Videos

റോഡരികില്‍ ചന്ദനമരശിഖരങ്ങള്‍; അന്വേഷണത്തിനൊടുവില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

By Web TeamFirst Published Nov 10, 2022, 12:06 PM IST
Highlights


തിങ്കളാഴ്ച മുറിച്ചെടുത്ത മരങ്ങളുടെ ശിഖരങ്ങള്‍ സമീപത്തെ റോഡരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിയുന്നത്. 


സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയെന്ന കേസിലുള്‍പ്പെട്ട രണ്ടുപേരെ വനംവകുപ്പ് പിടികൂടി. മുത്തങ്ങ കുഴിമൂല കോളനിയിലെ കെ.എം. വിനോദ് (22), പൊന്‍കുഴി കോളനിയിലെ പി.എം. രാജു (24) എന്നിവരാണ് പിടിയിലായത്. സുല്‍ത്താന്‍ബത്തേരി റെയ്ഞ്ചിലെ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള കല്ലുമുക്ക് മേഖലയിലെ വനത്തില്‍ നിന്നാണ് ഇരുവരും രണ്ട് ചന്ദനമരങ്ങള്‍ മുറിച്ചത്. 

തിങ്കളാഴ്ച മുറിച്ചെടുത്ത മരങ്ങളുടെ ശിഖരങ്ങള്‍ സമീപത്തെ റോഡരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിയുന്നത്. അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ, മുറിച്ചെടുത്ത ചന്ദനമരം ചെറുകഷ്ണങ്ങളാക്കി വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെ കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും 35 കിലോ ചന്ദനം കണ്ടെടുത്തു. 

പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന ചന്ദന കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതായി സംശയിക്കുന്നതായും  കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ബത്തേരി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. രഞ്ജിത്ത്, നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ പി.ബി. ഗോപാലകൃഷ്ണന്‍, സെക്ഷന്‍ ഓഫീസര്‍മാരായ വി. രാഘവന്‍, ഒ.എ. ബാബു, കെ. പ്രകാശ്, കുഞ്ഞുമോന്‍, പി.വി. സുന്ദരേഷന്‍, ജി. ബാബു, ബീറ്റ് ഓഫിസര്‍മാരായ ഉല്ലാസ്, ഫര്‍ഷാദ്, ജിബിത്ത് ചന്ദ്രന്‍, വാച്ചര്‍മാരായ രാമചന്ദ്രന്‍, ശിവന്‍, ഗോവിന്ദന്‍ എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അതിനിടെ നിര്‍ധനരായ ആദിവാസികളടക്കമുള്ള യുവാക്കളെ മറയാക്കി വന്‍ സംഘം ചന്ദന കള്ളക്കടത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയത്തിലാണ് അധികൃതര്‍. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുന്നതോടെ ഇക്കാര്യം വ്യക്താമാകുമെന്നാണ് പ്രതിക്ഷ.

click me!