
മൂന്നാര്‍: ഹാഷിഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കളർകോട്, പഴയംപ്പിളളി വീട്ടിൽ ആൽബിൻ ആന്‍റണി (26) ആണ് ദേവികുളം പൊലീസ് അറസ്റ്റു ചെയതത്. മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്‍റിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും മൂന്നര ഗ്രാം ഹാഷീഷ് ഓയിൽ പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഒരു മാസം മുൻപ് ഗോവയിൽ നിന്നുമാണ് വാങ്ങിയതെന്ന് പറഞ്ഞു. ദേവികുളം എസ് ഐ എം.എൻ.സുരേഷ്, എ എസ് ഐ സജയ് പി മങ്ങാട്, എസ് സി പി ഓ പി രാജേഷ്, സി പി ഓമാരായ അനസ്, ഡോൺ കെ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ നിന്നും ഇന്നലെ ഒരാളെ പിടികൂടിയിരുന്നു. തണ്ടേക്കാട് എം.എച്ച് കവലയിൽ കിഴക്കൻ വീട്ടിൽ നിഷാദ് (25) നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 5 ഗ്രാം ഹാഷിഷ് ഓയിൽ, 230 മില്ലിഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു. ലഹരിക്കെതിരെയുള്ള യോദ്ധാവ് ഓപ്പറേഷന്‍റെ ഭാഗമായ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ടാക്സി ഡ്രൈവറായ ഇയാൾ അതിന്‍റെ മറവിലാണ് വിൽപന നടത്തിയിരുന്നത്.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. നിഷാദിന്‍റെ പേരിൽ വണ്ടൻമേട്, അമ്പലമേട് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ എ.എസ്.പി അനൂജ് പലിവാല്‍, ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ മാരായ ജോസ്സി.എം.ജോൺസൻ, ഗ്രീഷ്മ ചന്ദ്രൻ, എ.എസ്.ഐ എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒ പി.എ.അബ്ദുൾ മനാഫ്, സി.പി.ഒ മാരായ റ്റി.എസ്.അനീഷ്, എ.കെ ബേസിൽ എന്നിവരാണ് ഉണ്ടായിരുന്നത്.
കൂടുതല്‍ വായനയ്ക്ക്: 'യോദ്ധാവ് പദ്ധതി' വഴി ഇതുവരെ വിവരം കൈമാറിയത് 1,131 പേര്‍