നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെ ഒരാഴ്ചയായിട്ടും പിടികിട്ടാതെ പൊലീസ്

By Web TeamFirst Published Mar 22, 2020, 10:56 PM IST
Highlights

പാനൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം വ്യാപകം. പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയി പലതവണ പീഡിപ്പിച്ച പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ ഒരാഴ്ചയായി പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം വ്യാപകം. പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയി പലതവണ പീഡിപ്പിച്ച പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ ഒരാഴ്ചയായി പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

ജനവുവരി 15 മുതല്‍ ഫെബ്രുവരി രണ്ടുവരെയുള്ള കാലയളവിലാണ് ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കുനിയില്‍ പത്മരാജന്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ക്രൂരമായ ലൈംഗിക പീഡനം നടന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുമുണ്ട്. കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴിയും നല്‍കി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് രണ്ടുതവണ നാലാം ക്ലാസുകാരിയുടെയും ബന്ധുക്കളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. 

കുട്ടിയുടെ ക്ലാസ് ടീച്ചറായ അധ്യാപകന്റെ ഫോണ്‍ ഉപയോഗിച്ച് പ്രതി പെണ്‍കുട്ടിയെ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. ഈ ക്ലാസ് ടീച്ചറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും മുപ്പത്തി അഞ്ചിലേറെ തവണ ഇയാള്‍ പെണ്‍കുട്ടിയെ ഫോണ്‍ ചെയ്തിട്ടുണ്ട്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിട്ടുമുണ്ട്. 

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തലശ്ശേരി ഡിവൈ എസ്പി ഓഫീസിലെത്തി പരാതി നല്‍കിയതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ പ്രതി പത്മരാജനെ കുറിച്ച് ഒരു സൂചനയും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പരാതി നല്‍കി ഒരാഴ്ചയാകുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും മുസ്ലീം ലീഗും പൊലീസിനെതിരെ പ്രതിഷേധം തുടരുകയാണ്

പൗരത്വ നിയമ ഭേതഗതിയെ അനുകൂലിച്ച അധ്യാപകനെതിരെ കരിവാരിത്തേക്കാന്‍ പാനൂരിലെ മുസ്ലീം രാഷ്ട്രീയ നേതാക്കള്‍ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ ജില്ലാ ഭാരവാഹി കൂടിയായ അധ്യാപകന് പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ട് ബിജെപി കൂത്തുപറമ്പ് കമ്മറ്റി പ്രമേയം പാസാക്കി. പ്രതി കുറ്റം ചെയ്തു എന്ന് വ്യക്തമാക്കുമ്പോഴും നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ച അധ്യാപകന്‍ എവിടെ എന്ന ചോദ്യത്തിന് മുന്നില്‍ കൈമലര്‍ത്തുകയാണ് പൊലീസ്.

click me!