ജയമാധവന്‍റെ നെറ്റിയിൽ മുറിവ്, മരണകാരണം പറയാതെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്, എല്ലാം ദുരൂഹം

By Web TeamFirst Published Oct 27, 2019, 12:01 PM IST
Highlights

ജയമാധവന്‍റെ നെറ്റിയിലും പുരികത്തിന് സമീപത്തും ചെറിയ മുറിവുകളുണ്ടായിരുന്നെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ ആന്തരികാവയവങ്ങൾ സാധാരണ നിലയിൽ.

തിരുവനന്തപുരം: കരമനയിലെ കൂടത്തിൽ വീട്ടിൽ ദുരൂഹമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജയമാധവന്‍റെ മരണത്തിന്‍റെ കാരണം വ്യക്തമാക്കാതെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. ജയമാധവന്‍റെ നെറ്റിയിലും പുരികത്തിന് സമീപത്തും ചെറിയ മുറിവുകളുണ്ടായിരുന്നെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ആന്തരികാവയവങ്ങൾ പക്ഷേ സാധാരണ നിലയിലാണ്. അസ്വാഭാവിക മരണമാണെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. നിലത്ത് വീണാണ് മരിച്ചതെന്നാണ് കാര്യസ്ഥനടക്കമുള്ളവർ നാട്ടുകാരോട് പറഞ്ഞത്. അതുകൊണ്ടാകാം നെറ്റിയിലും മുഖത്തും ചെറിയ പരിക്കുകളുണ്ടെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ട്. മരണകാരണം സ്ഥിരീകരിക്കാൻ ഇനി ശാസ്ത്രീയ പരിശോധനാ ഫലം വേണമെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷേ, മൃതദേഹങ്ങൾ കത്തിച്ചത് തിരിച്ചടിയാകും. സാംപിൾ ശേഖരിക്കാത്തവരുടെ മരണങ്ങളിൽ ഇനി പരിശോധന സാധ്യമല്ല.

Read more at: ദുരൂഹതയൊഴിയാതെ കൂടത്തിൽ വീട്, മരിച്ച നിലയിൽ കണ്ടെത്തിയ ജയമാധവന്‍റെ വിൽപത്രം പുറത്ത്

ദുരൂഹതയെന്ന് ക്രൈംബ്രാഞ്ചും

അതേസമയം, ഉമാമന്ദിരം തറവാട്ടിൽ ഏറ്റവും അവസാനം മരിച്ച ജയമോഹന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്‍റെ പേരിലേക്ക് വകമാറ്റിയത്. രവീന്ദ്രൻ നായർ എന്ന കാര്യസ്ഥൻ ജയമോഹനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിട്ടും അയൽക്കാരെപ്പോലും അറിയിക്കാതെ മെഡിക്കൽ കോളേജിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയായിരുന്നെന്നും ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ടിലുണ്ട്. 

മുപ്പത് കോടി രൂപയുടെ സ്വത്ത് ട്രസ്റ്റിന്‍റെ കീഴിലാക്കിയതിൽ ദുരൂഹതയുണ്ടെന്നും, ആ സ്വത്ത് ഭാഗം വച്ചതും ട്രസ്റ്റിന്‍റെ പേരിലേക്ക് മാറ്റിയതും വ്യാജ വിൽപ്പത്രം വച്ചാണെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. 

ഗൂഢാലോചനയെന്ന് രവീന്ദ്രൻ നായർ

ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഇതിന് മറുപടിയായി കാര്യസ്ഥൻ രവീന്ദ്രൻ നായർ പറഞ്ഞത്. മരിക്കും മുമ്പ് തിരിഞ്ഞ് നോക്കാത്തവരാണ് ഇപ്പോൾ സ്വത്തിന് വേണ്ടി മരണത്തില്‍ സംശയം പ്രകടിപ്പിക്കുന്നതെന്നും രവീന്ദ്രൻ നായർ പറഞ്ഞു. നാട്ടുകാരായ ചിലരുടെ വരുതിയില്‍ നില്‍ക്കാത്തത് കൊണ്ടാണ് തന്നെ കേസിൽ പ്രതിയാക്കാൻ നോക്കുന്നതെന്നും രവീന്ദ്രൻ നായർ ആരോപിച്ചു.

ജയപ്രകാശ് മരിച്ചപ്പോൾ താനും ജയമാധവനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. അസുഖമായി കിടക്കുന്ന കാര്യം അടുത്ത വീട്ടിൽ ഉള്ളവരെ അറിയിച്ചിരുന്നു. അതേസമയം, ജയമാധവൻ നായരെ കാണാൻ രാവിലെ എത്തിയപ്പോഴാണ് അയാൾ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും രവീന്ദ്രൻ നായർ കൂട്ടിച്ചേര്‍ത്തു.

കൂടത്തിൽ തറവാട്ടിലെ അവസാനം മരിച്ച, അവിവാഹിതരായ രണ്ട് അംഗങ്ങളായ ജയപ്രകാശിന്‍റെയും ജയമാധവന്‍റെയും മരണത്തിലാണ് ഇപ്പോൾ ബന്ധുക്കളും നാട്ടുകാരും പ്രധാനമായും സംശയം പ്രകടിപ്പിച്ചിരിക്കുന്നതും പരാതി നൽകിയിരിക്കുന്നതും. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പ്രത്യേകാന്വേഷണ സംഘം.

 

click me!