തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിൽ ദുരൂഹമായ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജയമാധവൻ നായർ എഴുതിയതെന്ന് പറയപ്പെടുന്ന വിൽപ്പത്രം പുറത്ത്. തന്‍റെ സ്വന്തം ഇഷ്ടപ്രകാരം കാലശേഷം എല്ലാ സ്വത്തുക്കളും കാര്യസ്ഥനായ രവീന്ദ്രൻ നായർക്കാണ് എന്നാണ് വിൽപ്പത്രത്തിൽ എഴുതിയിരിക്കുന്നത്. ചെറിയ മാനസികപ്രശ്നങ്ങളുണ്ടായിരുന്ന ഇദ്ദേഹത്തിന്‍റെ ചികിത്സാരേഖകൾ നശിപ്പിച്ച ശേഷം കാര്യസ്ഥൻ അടക്കമുള്ള സംഘം വ്യാജമായി ഉണ്ടാക്കിയ ഒസ്യത്താണിത് എന്നാണ് ബന്ധുക്കളുടെ ആരോപണം.

ദുരൂഹമായ രീതിയിൽ മരിച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്ന ജയമാധവനും, അദ്ദേഹത്തിന്‍റെ അച്ഛന്‍റെ സഹോദരന്‍റെ മകൻ ജയപ്രകാശും അടക്കമുള്ളവർ താമസിച്ചിരുന്ന കൂടത്തിൽ തറവാട്ടിലെ ഉമാമന്ദിരം എന്ന വീട് അടക്കം, എല്ലാ സ്വത്തുവകകളും രവീന്ദ്രൻ നായർക്കാണ് എന്നാണ് ഒസ്യത്തിൽ പറയുന്നത്. താൻ അവിവാഹിതനാണ്, മക്കളില്ല, തന്‍റെ കാര്യങ്ങളെല്ലാം നോക്കുന്നത് രവീന്ദ്രൻനായരാണ്- അതിനാൽ എല്ലാ സ്വത്തുക്കളും രവീന്ദ്രൻ നായരുടെ പേർക്ക് എഴുതി വയ്ക്കുന്നു എന്നാണ് വിൽപ്പത്രത്തിലുള്ളത്. സ്വത്തിന്‍റെ എല്ലാ അവകാശവും രവീന്ദ്രൻ നായർക്കാണ്. തന്‍റെ മരണാനന്തരക്രിയകളും ചെയ്യേണ്ടത് രവീന്ദ്രൻ നായരാണ്. 

2017-ലാണ് ജയമാധവൻ മരിക്കുന്നത്. 2016-ലാണ് ഈ വിൽപ്പത്രം ജയമാധവൻ എഴുതിയിരിക്കുന്നതെന്നാണ് രേഖ. ജയപ്രകാശിനെയും ജയമാധവനെയും നോക്കിയിരുന്ന, വീട്ടിൽ ജോലിയ്ക്ക് വന്നിരുന്ന, ലീല എന്ന സ്ത്രീയാണ് ഈ വിൽപ്പത്രത്തിൽ ഒന്നാം സാക്ഷിയായി ഒപ്പുവച്ചിരിക്കുന്നത്. 

ലീലയ്ക്ക് സ്വത്തിന്‍റെ ഒരു ഭാഗം നൽകിയാണ് ഈ വ്യാജവിൽപത്രം തയ്യാറാക്കിയതെന്ന് സംശയിക്കുന്നുവെന്നാണ് പരാതിക്കാരിയായ പ്രസന്നകുമാരി പറയുന്നത്. എന്നാൽ വിൽപത്രമാണെന്ന് അറിയാതെയാണ് ഒപ്പു വച്ചതെന്നാണ് ലീല ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

കൂടത്തിൽ തറവാട്ടിലെ ഉമാമന്ദിരം എന്ന ആ വീട്ടിലുണ്ടായിരുന്നവർ ആരൊക്കെ? ഇതിൽ ആരുടെ മരണങ്ങളിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്? ചിത്രം കാണുക.

ആകെ 200 കോടിയിൽപ്പരം സ്വത്ത്!

തിരുവനന്തപുരം നഗരത്തിന്‍റെ പല ഭാഗങ്ങളിലും കരമനയിലുമായി ഈ കുടുംബത്തിന് ഏതാണ്ട് 200 കോടി രൂപയോളം മതിപ്പ് വില വരുന്ന സ്വത്തുക്കളുണ്ടെന്നാണ് കണക്ക്. ഈ സ്വത്തിന്‍റെ മുഴുവൻ അവകാശമാണ് രവീന്ദ്രൻ നായർക്ക് നൽകിയിരിക്കുന്നത്.

അതേസമയം, ഈ വിൽപ്പത്രം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്. ജയപ്രകാശിന്‍റെയും ജയമാധവന്‍റെയും മരണശേഷം കുടുംബത്തിൽ നടന്ന ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട റവന്യൂ, കോടതി രേഖകളും പൊലീസ് ഉടൻ ശേഖരിക്കും. 2017-ൽ മരിച്ച ജയമാധവൻ നായരുടെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും റിപ്പോർട്ട് ശേഖരിച്ചിരുന്നില്ല. ഈ റിപ്പോർട്ട് ആവശ്യപ്പെട്ട് പൊലീസ് ഉടൻ കത്ത് നൽകും. 

കുടുംബത്തിന്റെ ഭൂസ്വത്തുക്കൾ എവിടെയെല്ലാം ഉണ്ട്, ആർക്കെല്ലാം കൈമാറിയിട്ടുണ്ട് എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തും. ജയമാധവൻ മരിച്ചതിന് ശേഷം കോടതിയിൽ ഭൂമി അവകാശപ്പെട്ട് എത്തിയവർ ആരൊക്കെയെന്നും ഇവർക്ക് ഭൂമിയിൽ അവകാശമുണ്ടോ എന്ന കാര്യവും പരിശോധിക്കും. ഇതിനായി റവന്യൂ, റജിസ്ട്രേഷൻ വകുപ്പുകൾക്ക് കത്ത് നൽകും.

കോടതി ജീവനക്കാരനായ കാര്യസ്ഥൻ രവീന്ദ്രൻനായർ ഇവരെ ഏതെങ്കിലും രീതിയിൽ അനധികൃതമായി ഇവരെ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷണം നടത്തും. ജില്ലാ ക്രൈം ഡിറ്റാച്ച്മെന്റ് എസ് പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുന്നത്. 
കുടുംബത്തിന് പുറത്തുളള ആൾക്ക് ജയമാധവൻ നായർ ഇഷ്ടദാനമായി സ്വത്ത് നൽകാൻ സാധ്യതയില്ലെന്ന് ബന്ധു ഹരികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വത്ത് കൈമാറ്റത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഹരികുമാർ ആവശ്യപ്പെടുന്നു.

എന്നാൽ പരാതിയിൽ ഗൂഢാലോചനയുണ്ടെന്നും സ്വത്ത് കൈമാറ്റത്തിൽ അസ്വാഭാവികതയില്ലന്നുമുളള വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കാര്യസ്ഥൻമാരായിരുന്ന രവീന്ദ്രൻ നായരും സഹദേവനും. പരാതിക്കാരുടേയും ആരോപണവിധേയരുടേയും മൊഴി പൊലീസ് ഉടൻ വിശദമായി രേഖപ്പെടുത്തും.