തിരുവനന്തപുരം: കവിയൂർ കൂട്ടമരണക്കേസിൽ സിബിഐ സമർപ്പിച്ച നാലാം റിപ്പോർട്ടും കോടതി തള്ളി. തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതിയാണ് കവിയൂരിലെ പൂജാരിയും കുടുംബവും ആത്മഹത്യ ചെയ്തതാണെന്ന അന്വേഷണസംഘത്തിന്‍റെ റിപ്പോർട്ട് തള്ളിയത്. കേസിൽ തുടരന്വേഷണം നടത്താനും കോടതി അന്വേഷണസംഘത്തിന് നിർദേശം നൽകി. കിളിരൂർ പീഡനക്കേസിലെ പ്രതിയായ ലതാ നായരാണ് കവിയൂർ കേസിലെ ഏകപ്രതി.
കവിയൂർ ക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന പൂജാരിയുടെയും ഭാര്യയുടെയും മൂന്നു മക്കളുടെയും മരണം ആത്ഹത്യയെന്നാണ് സിബിഐയുടെ നാലാം റിപ്പോർട്ടിലെയും കണ്ടെത്തൽ. ഇതിൽ മൂത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നത് ആരെന്ന് കണ്ടെത്താൻ സിബിഐയ്ക്ക് കഴിഞ്ഞില്ല. കോടതിയിൽ സിബിഐ സമർപ്പിച്ച നാലാം റിപ്പോർട്ടിൽ പെൺകുട്ടിയെ അച്ഛൻ തന്നെ പീഡിപ്പിച്ചെന്ന മുൻ റിപ്പോർട്ടുകൾ അന്വേഷണ സംഘം തന്നെ തിരുത്തിയിരുന്നു. അച്ഛൻ പീഡിപ്പിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പെൺകുട്ടി പലകുറി പീഡനത്തിനിരയായിട്ടുണ്ടെന്നും ഇതിൽ വിഐപികളായ രാഷ്ട്രീയനേതാക്കളുടെയും മക്കളുടെയും പങ്ക് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. തെളിവുകൾ കണ്ടെത്താനാകാതിരുന്നത് കൊണ്ടുതന്നെയാണ് കേസിൽ തുടരന്വേഷണത്തിന് വീണ്ടും സിബിഐയ്ക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്.
2004- സെപ്റ്റംബർ 28-നാണ് കവിയൂർ ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ വാടകവീട്ടിൽ ഗൃഹനാഥനെയും ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ ഗൃഹനാഥൻ തൂങ്ങി മരിച്ച നിലയിലായിരുന്നു. ബാക്കിയെല്ലാവരും കിടപ്പുമുറിയിൽ മരിച്ച് കിടക്കുന്ന നിലയിലും.
ഏറെ കോളിളക്കമുണ്ടാക്കിയ, വിഐപികൾക്ക് ബന്ധമുണ്ടെന്ന് ആരോപണങ്ങളുയർന്ന, കിളിരൂർ പീഡനക്കേസിലെ മുഖ്യപ്രതിയായ ലതാ നായർ ഈ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ലതാനായരാണ് മരണത്തിന് ഉത്തരവാദികളെന്ന് കാട്ടി ഗൃഹനാഥൻ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതോടെ ഈ കേസും വലിയ വിവാദമായി. 2006-ൽ സർക്കാർ ഈ കേസ് സിബിഐയ്ക്ക് വിട്ടു. മരണത്തിന് 72 മണിക്കൂർ മുമ്പ് പതിന്നാലുകാരിയായ മകൾ ലൈംഗികപീഡനത്തിന് ഇരയായതായി സിബിഐ കണ്ടെത്തി. പക്ഷേ, ഇതിലെ പ്രതികളെ കണ്ടെത്താൻ സിബിഐയ്ക്ക് കഴിഞ്ഞതുമില്ല.
കേസുമായി ബന്ധപ്പെട്ട് സിബിഐ ഇതുവരെ നാല് റിപ്പോർട്ടുകളാണ് കോടതിയിൽ സമർപ്പിച്ചത്. ആദ്യ മൂന്ന് റിപ്പോർട്ടുകളിലും പെൺകുട്ടിയെ അച്ഛനടക്കം പീഡിപ്പിച്ചു എന്നാണ് പറഞ്ഞിരുന്നതെങ്കിലും നാലാം റിപ്പോർട്ടിൽ സിബിഐ അതിൽ നിന്നും മലക്കം മറിഞ്ഞു. പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചിട്ടില്ല എന്നായിരുന്നു നാലാം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
കേസുമായി ബന്ധപ്പെട്ട് രണ്ട് ഉന്നത സിബിഎം നേതാക്കളുടെയും അവരുടെ മക്കളുടെയും പങ്കും സിബിഐ അന്വേഷിച്ചിരുന്നതാണ്. ഇവരെ നാല് പേരെയും ചോദ്യം ചെയ്തെങ്കിലും കുടുംബവുമായോ പെൺകുട്ടിയുമായോ ബന്ധമുള്ളതായി കണ്ടെത്താനായില്ല. ഇതിനായി തെളിവും കിട്ടിയില്ല. രാഷ്ട്രീയ വിരോധത്താലുള്ള ആരോപണമെന്നായിരുന്നു എല്ലാവരുടെയും പ്രതി. ഒടുവിൽ കേസിലെ ഏകപ്രതി ലതാനായരെ ചെന്നൈ ഫൊറൻസിക് ലാബിൽ നുണപരിശോധനയ്ക്ക് വിധേയയാക്കി. എന്നാൽ ഹർജിയിൽ പറയുമന്നത് പോലെ ഒരാളുമായും പെൺകുട്ടിക്ക് ബന്ധമുണ്ടായിട്ടില്ലെന്നായിരുന്നു നുണപരിശോധനയിൽ അവരുടെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam