
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥൻ ചവിട്ടേറ്റുമരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. കൊല്ലം നടുവിലശ്ശേരി സ്വദേശി വിജയകുമാർ ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ദേശീയ പാതക്കരുകിൽ നിന്ന ഭുവനചന്ദ്രനെ വിജയകുമാർ ചവിട്ടി വീഴ്ത്തിയിരുന്നു.
സംഭവം നടന്നയുടന്‍ വിജയകുമാര്‍ ബസ്സിൽ കയറി കൊല്ലം ഭാഗത്തേക്ക് പോയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം. രാവിലെ അഞ്ചാലുംമൂടിനു സമീപം തൃക്കരുവയിൽ നിന്നാണ് പ്രതിയായ വിജയകുമാറിനെ പൊലീസ് പിടികൂടിയത്. വയറ്റിൽ ശക്തമായ ചവിട്ടേറ്റ ഭുവനചന്ദ്രൻ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭുവനചന്ദ്രന് കരൾ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ചവിട്ടേറ്റതിന് പിന്നാലെ ആന്തരീക രക്തസ്രാവമുണ്ടായി.
കഴക്കൂട്ടം ഭാഗത്ത് അലഞ്ഞു തിരിഞ്ഞ് ആക്രി പെറുക്കി വിറ്റിരുന്നയാളാണ് വിജയകുമാർ എന്ന് പൊലീസ് പറഞ്ഞു. പേരും വിലാസവും ആർക്കും അറിയാതിരുന്ന ഇയാളെ ഒരു ഫോട്ടോ ഉപയോഗിച്ചാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വിജയകുമാര്‍ ഭുവനചന്ദ്രനെ ചവിട്ടിയത്.
ഭൂവനചന്ദ്രനും കരിക്ക് വില്‍പനക്കാരനും റോഡരികില്‍ നിന്ന് വര്‍ത്തമാനം പറയുന്നതിനടുത്തെത്തി തുപ്പിയത് ചോദ്യം ചെയ്തതാണ് വിജയകുമാറിനെ പ്രകോപിപ്പിച്ചത്. വിജയകുമാര്‍ ഓടി വന്ന് ഭൂവനചന്ദ്രനെ ചവിട്ടുകയായിരുന്നു.
Read Also; കഴക്കൂട്ടത്ത് ആക്രി പെറുക്കുന്നയാളുടെ ചവിട്ടേറ്റ ഗൃഹനാഥൻ കൊല്ലപ്പെട്ടതായി പരാതി