'ഒരു എഎസ്ഐ വിചാരിച്ചാൽ എന്തും നടക്കുമോ?', കാശ് വാങ്ങിയ പൊലീസിനെതിരെ ഹൈക്കോടതി

By Web TeamFirst Published Nov 1, 2021, 4:00 PM IST
Highlights

പരാതിക്കാരുടെ ചെലവിൽ പൊലീസ് വിമാനയാത്ര പോയെന്ന കെൽസ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉത്തരവാദിത്തപ്പെട്ടവർ അറിഞ്ഞോ? പണം വാങ്ങിയ എഎസ്ഐയ്ക്കെതിരെ നടപടിയെടുത്തുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

കൊച്ചി: എറണാകുളത്ത് (Ernakulam) പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ (Girl abused sexually) മാതാപിതാക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി (Kerala High Court). ദില്ലിയിലേക്ക് കേസന്വേഷിക്കാൻ പോകാനും, പെൺകുട്ടിയുടെ സഹോദരൻമാരെ കേസിൽ പ്രതികളാക്കാതിരിക്കാനും പൊലീസ് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിക്കുകയും പരാതിക്കാരുടെ ചെലവിൽ ദില്ലിക്ക് വിമാനത്തിൽ പോവുകയും ചെയ്തെന്ന ലീഗൽ സർവീസ് അതോറിറ്റിയുടെ (KELSA) റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. സിപിഒമാർ അടക്കം മൂന്ന് പേർ വിമാനത്തിൽ ദില്ലിയിലേക്ക് പരാതിക്കാരുടെ ചെലവിൽ പോയത് ഉത്തരവാദിത്തപ്പെട്ടവർ അറിഞ്ഞോ എന്ന് കോടതി ചോദിച്ചു. ഒരു എഎസ്ഐ വിചാരിച്ചാൽ എന്തും നടക്കുമോ എന്നും ഇത്രയും പേർക്ക് വിമാനക്കൂലി എത്രയായി എന്നും കോടതിയുടെ രൂക്ഷവിമർശനം. 

കഴിഞ്ഞ ഓഗസ്റ്റില്‍ സഹോദരിക്കൊപ്പം വീട് വിട്ട പെൺകുട്ടിയെ പൊലീസ് ദില്ലിയിൽ നിന്നാണ് കണ്ടെത്തിയത്. അന്വേഷണത്തിനായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദില്ലിയില്‍ പോകാൻ വിമാന ടിക്കറ്റ് ചോദിച്ച് വാങ്ങിയെന്ന്  യുപി സ്വദേശികളായ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഇത് സത്യമെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെത്തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു എറണാകുളം നോർത്ത് എഎസ്ഐ വിനോദ് കൃഷ്ണയെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണവിധേയമായാണ് നടപടി. വിനോദ് കൃഷ്ണയെ എആർ ക്യാമ്പിലേക്കാണ് അടിയന്തരമായി സ്ഥലം മാറ്റിയ ശേഷമാണ് നടപടി. 

എഎസ്ഐയ്ക്ക് എതിരെ നടപടി എടുത്ത വിവരം സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഒരു എഎസ്ഐ മാത്രം വിചാരിച്ചാൽ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ചോദിച്ച ഹൈക്കോടതി കേസിൽ പെൺകുട്ടിയുടെ സഹോദരൻമാരെ പ്രതിയാക്കാതിരിക്കാൻ എഎസ് 5 ലക്ഷം കൊടുത്തത് പൊലീസ് റിപ്പോർട്ടിലില്ലാത്തതെന്ത് എന്നും ചോദിച്ചു. 

എന്നാൽ പെൺകുട്ടികൾ സഹോദരൻമാർക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്ന് സർക്കാർ വാദിച്ചു. കെൽസ റിപ്പോർട്ടിൽ പെൺകുട്ടികൾക്ക് വീട്ടുകാർക്ക് ഒപ്പം പോകണമെന്നാണല്ലോ ഉള്ളതെന്നും, ഇതെന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സഹോദരൻമാർക്ക് എതിരെ മൊഴി കൊടുപ്പിച്ചതെന്ന് റിപ്പോർട്ടിലുണ്ടെന്ന് കെൽസ അഭിഭാഷകൻ ഇതിന് മറുപടിയായി പറഞ്ഞു. 

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സഹോദരൻമാരായ രണ്ട് പേർ ഇപ്പോൾ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. തന്നെ സഹോദരങ്ങള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മജിസട്രേറ്റിന്  രഹസ്യ മൊഴി നല്‍കുകയും മെഡിക്കല്‍ പരിശോധനയിൽ ഉള്‍പ്പെടെ പീഡനം തെളിയുകയും ചെയ്തതിനെ തുടർന്നാണ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. എന്നാൽ പൊലീസ് കേസിൽ ഈ രണ്ട് പേരെയും കുടുക്കുകയായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. പ്രതികളെ രക്ഷപ്പെടുത്താൻ സഹോദരൻമാരാണ് കുറ്റക്കാരെന്ന് വരുത്തിത്തീർക്കാൻ പൊലീസ് ശ്രമിച്ചു. ഹിന്ദി മാത്രം അറിയാവുന്ന രണ്ട് സഹോദരൻമാരിൽ നിന്ന് സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മലയാളത്തിൽ പൊലീസ് എഴുതി വാങ്ങിയെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ ആരോപണമുയർന്നതിന് പിന്നാലെയാണ് ഹൈക്കോടതിയും ബാലാവകാശ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. അതേസമയം, കേസൊതുക്കാൻ വിനോദ് കൃഷ്ണ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തെക്കുറിച്ച് വകുപ്പ് തല അന്വേഷണവും നടക്കുകയാണ്. വിനോദ് കൃഷ്ണക്കെതിരെ മുമ്പും സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ റിപ്പോര്‍ട്ടുകൾ നൽകിയിട്ടുണ്ടെന്ന് കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

click me!