
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച് കൊച്ചി സൈബര്‍ പൊലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ് പൊലീസിൻ്റെ ഇടപെടലില്‍ രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ ശ്രദ്ധയിൽ ആത്മഹത്യശ്രമം എത്തുകയും അവര്‍ സൈബര്‍ സെല്ലിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതര്‍ കൊച്ചി സൈബര്‍ പൊലീസിന് നൽകിയത്. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐ.പി അഡ്രസ്സും മെറ്റാ ടീം സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബര്‍ സെൽ ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഈ വിവരം ചേര്‍ത്തല, കരമന പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി. ഇരു സ്റ്റേഷനുകളിൽ നിന്നും പൊലീസ് സംഘങ്ങൾ യുവതിയെ കണ്ടെത്താൻ പുറപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരം കരമനയിൽ നിന്നും ഇവരെ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
കൈ ഞരമ്പ് മുറിച്ച നിലയിലുള്ള ചിത്രങ്ങൾ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മെറ്റാ ടീം ഇക്കാര്യം സൈബര്‍ സെല്ലിനെ ഉടനെ അറിയിച്ചത്. കാസര്‍കോടുള്ള പങ്കാളിയുമായി യുവതിക്കുണ്ടായ പ്രശ്നങ്ങളും ഇതേ തുടര്‍ന്നുള്ള മനോവേദനയും കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്തായാലും കൊച്ചി സൈബര്‍ സെല്ലിൽ നിന്നും വിവരം ലഭിച്ച് കേവലം പത്ത് മിനിറ്റുള്ളിലാണ് പൊലീസ് സംഘം യുവതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത് എന്നത് അതിവേഗമുള്ള പൊലീസ് നടപടിയുടെ തിളക്കമേറ്റുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam