
ബെംഗളൂരു: ബൈക്കിൽ പിഞ്ചുകുട്ടികളുമായി പാൽ വാങ്ങാനിറങ്ങി പൊലീസ് ഉദ്യോഗസ്ഥൻ.സ്കൂൾ ബസ് ബൈക്കിലിടിച്ച് പിഞ്ചുകുട്ടികൾക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ തനിസാന്ദ്രയിൽ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. തനിസാന്ദ്രയിലെ സിഎആർ വിഭാഗത്തിൽ കോൺസ്റ്റബിളായ നാഗനഗൗഡ, ഇന്ന് രാവിലെ പാൽ വാങ്ങാനായി തന്റെ ബൈക്കിൽ രണ്ട് കുട്ടികളുമായി വീടിന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. തനിസാന്ദ്രയിലെ പ്രധാന റോഡിലൂടെ പോകുമ്പോൾ എതിർ ദിശയിലെത്തിയ സ്കൂൾ ബസ് ബൈക്കിലിടിച്ചാണ് അപകടം. അജ്മോനി സ്കൂളിന്റെ ബസാണ് ബൈക്കിൽ ഇടിച്ചത്. ബൈക്ക് കണ്ടതോടെ പെട്ടന്ന് വെട്ടിച്ച ബസ് നിയന്ത്രണം വിട്ട് നാഗനഗൗഡയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ബസ്സിടിച്ചതിൻ്റെ ആഘാതത്തിൽ നാഗനഗൗഡയും രണ്ട് കുട്ടികളും റോഡിലേക്ക് തെറിച്ചുവീണു. കുഞ്ഞുങ്ങൾ വീണത് ബസിന്റെ ടയറുകൾക്ക് അടിയിലേക്കായിരുന്നു. ഡ്രൈവർ ബ്രേക്ക് ചെയ്യുമ്പോഴേക്കും ബസ് കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടും നാലും വയസ്സുള്ള കുരുന്നുകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബൈക്കോടിച്ചിരുന്ന നാഗനഗൗഡയ്ക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കോൺസ്റ്റബിൾ നാഗനഗൗഡയുടെ മകൾ വർഷ (2), സഹോദരന്റെ മകൾ ഭാനു (4) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഇരുവരും തനിസാന്ദ്രയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. വിവരമറിഞ്ഞയുടൻ നോർത്ത് ഡിവിഷൻ ട്രാഫിക് ഡിസിപി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഹെന്നൂർ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സ്കൂൾ ബസ്സും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam